മാന്ത്രികശക്തി വര്‍ധിപ്പിക്കാന്‍ മൂന്നു വയസ്സുകാരിയെ ബലി നല്‍കി

ചെന്നൈ- ദുര്‍മന്ത്രവാദം ചെയ്യാനായി മൂന്ന് വയസുകാരിയെ ബലി നല്‍കിയെന്ന് പോലീസിന്റെ വെളിപ്പെടുത്തല്‍. കഴുത്തറുത്ത നിലയില്‍ തമിഴ്‌നാട്ടിലെ കുരുമ്പട്ടി ഗ്രാമത്തിനു സമീപമുള്ള വനത്തില്‍ നിന്നു ബാലികയുടെ മൃതദേഹം കണ്ടെടുത്ത സംഭവം ദുര്‍മന്ത്രവാദത്തിന്റെ ഫലമാണെന്നാണ് പോലീസ് നിഗമനം. തന്റെ മാന്ത്രിക ശക്തി വര്‍ധിപ്പിക്കാനായി ചിന്നപ്പിള്ള എന്ന യുവതി വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടികൊണ്ടുപോയി കൊല്ലുകയായിരുന്നു.

ഒക്ടോബര്‍ 25 ന് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് തല അറുത്തു മാറ്റപ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കാട്ടില്‍ നിന്നു കണ്ടെടുത്തത്. ദേഹത്ത് കിടന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നുമില്ല. ഇതോടെ മോഷണ ശ്രമമല്ല കൊലപാതകത്തിന് പിന്നിലെന്ന് മനസിലായ പോലീസ് ദുര്‍മന്ത്രവാദം എന്ന നിഗമനത്തിലേക്കെത്തി.

മന്ത്രവാദ പശ്ചാത്തലമുള്ള ചിന്നപ്പിള്ളയെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കോടതിയില്‍ ഹാജറാക്കിയ ചിന്നപ്പിള്ളയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

 

Latest News