50 പവന്‍ സ്വര്‍ണവുമായി അപ്രത്യക്ഷനായ യുവാവ് കോഴിക്കോടുണ്ടെന്ന് സൂചന

കാസര്‍കോട്- ഗള്‍ഫില്‍നിന്ന് സ്വര്‍ണവുമായി വിമാനത്താവളത്തില്‍ ഇറങ്ങിയ യുവാവ് അപ്രത്യക്ഷനായ സംഭവത്തില്‍  പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. യുവാവിന്റെ സുഹൃത്തും ഒപ്പം പോയതായാണ് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിരിക്കുന്നത്.
മധൂര്‍ കോട്ടക്കണ്ണിയിലെ മുഹമ്മദ് ആരിഫിനെ (23)യാണ് കാണാതായത്. ഒക്ടോബര്‍ 23ന് രാവിലെ കോഴിക്കോട് വിമാനത്താവളത്തില്‍ ആരിഫ് ഇറങ്ങിയതായി വ്യക്തമായിട്ടുണ്ട്. എന്നാല്‍ യുവാവ് വീട്ടിലെത്തിയില്ല. ആരിഫിന്റെ കൈയില്‍ മധൂരിലെ ഒരു കുടുംബത്തില്‍പെട്ടവര്‍ 50 പവന്‍ സ്വര്‍ണം കൊടുത്തയച്ചിരുന്നു. തങ്ങളുടെ സ്വര്‍ണം കിട്ടിയില്ലെന്നും യുവാവിനെ കുറിച്ച് വിവരമില്ലെന്നും വ്യക്തമാക്കി ഇവരും പോലീസിനെ സമീപിച്ചതായാണ് വിവരം.
പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവ് കോഴിക്കോട്ട് തന്നെയുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. സുഹൃത്ത് ഇസ്ഹാഖും ഒപ്പം ഉള്ളതായാണ് വിവരം. ഒന്നരമാസം മുമ്പാണ് ആരിഫ് അബുദാബിയിലേക്ക് പോയത്.  യുവാവ് മാതാവിനെ വിളിച്ച് തന്നെ അന്വേഷിക്കേണ്ടെന്നും അന്വേഷിച്ചാല്‍ കടുംകൈ ചെയ്യുമെന്നും അറിയിച്ചതായും ബന്ധുക്കള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്ടുള്ള ഒരു മൊബൈല്‍ ഷോപ്പില്‍ യുവാവ് തന്റെ പഴയ ഫോണ്‍ വിറ്റതായും പകരം അവിടെനിന്ന് പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിപ്പോയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കോഴിക്കോട്ട് തന്നെയുള്ളതായി സൂചന ലഭിച്ചത്. പുതിയ ഫോണിന്റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് വിദ്യാനഗര്‍ പോലീസ് പറഞ്ഞു.  

 

Latest News