Sorry, you need to enable JavaScript to visit this website.

പ്രവാസിയെ മാലമോഷണക്കേസില്‍ കുടുക്കി ജയിലിലടച്ചു; ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു

താജുദ്ദീന്‍

കണ്ണൂര്‍ - നിരപരാധിയായ പ്രവാസിയെ മാല മോഷണക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു. കതിരൂര്‍ പുല്യോട് സി.എച്ച്.നഗര്‍ സ്വദേശി താജുദ്ദീനെ ചക്കരക്കല്‍ എസ്.ഐ ബിജു കേസില്‍ കുടുക്കിയ സംഭവത്തിലാണ് ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടല്‍. ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി എന്നിവരോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ ബന്ധപ്പെട്ട എസ്.െഎയെ സ്ഥലം മാറ്റിയിരുന്നു.
ദോഹയില്‍ പ്രവാസിയായിരുന്ന താജുദ്ദീന്‍ മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയപ്പോഴാണ് പെരളശ്ശരിയില്‍ നടന്ന മാല പൊട്ടിക്കല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. അന്വേഷണത്തിനിടെ ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിലെ രൂപ സാദൃശ്യമാണ് താജുദ്ദീനു വിനയായത്. നിരപരാധിയാണെന്ന് വ്യക്തമാക്കിയിട്ടും താജുദ്ദീനെ കേസില്‍ കുടുക്കി റിമാന്‍ഡു ചെയ്യുകയും മൂന്നു തവണ റിമാന്‍ഡ് കാലാവധി നീട്ടുകയും ചെയ്തു. 54 ദിവസമാണ് ജയിലില്‍ കിടക്കേണ്ടി വന്നത്. ജാമ്യത്തിലിറങ്ങിയ ശേഷം കൊണ്ടോട്ടി എം.എല്‍.എ ഇബ്രാഹിമിന്റെ സഹായത്തോടെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയ പരാതിയില്‍ നടത്തിയ സമഗ്ര അന്വേഷണത്തിലാണ് താജുദ്ദീന്‍ നിരപരാധിയാണെന്ന് തെളിഞ്ഞത്. പിന്നീട് കേസില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. ജയിലിലിടച്ച ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്കു താജുദ്ദീന്‍ പരാതി നല്‍കിയിരുന്നു. നിയമത്തിന്റെ വഴി തേടുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി.

 

Latest News