തിരുവനന്തപുരം- ബന്ധുനിയമന വിവാദത്തില്‍ കെ.ടി.ജലീലിന് മുഖ്യമന്ത്രിയുടെ പിന്തുണ. ജലീലിനെതിരായ ആരോപണം ഗൗരവമായി കാണേണ്ടതില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തുനിന്ന് രാജി ആവശ്യത്തിന് ശക്തിയുണ്ടാകാത്തതും ഇതിന് കാരണമാണ്.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ന്യൂനപക്ഷസമുദായക്കാരനായ ജലീലിനെതിരെ നീങ്ങിയാല്‍ അത് കൂടുതല്‍ തിരിച്ചടിയാവുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം. ഡെപ്യൂട്ടേഷന്‍ വഴി ബന്ധുവിന് നിയമനം നല്‍കിയതില്‍ തെറ്റില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളത്.
വിഷയത്തെ രാഷ്ട്രീമായും നിയമപരമായും നേരിടുമെന്ന് പ്രസ്താവനയിറക്കിയെങ്കിലും യു.ഡി.എഫും നിലപാട് മയപ്പെടുത്തി. ജലീലിനെതിരായ നീക്കത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കമെന്ന നിലയില്‍ ചിത്രീകരിക്കുമോ എന്ന ആശങ്ക യു.ഡി.എഫ് നേതാക്കള്‍ക്കുണ്ട്. പ്രത്യക്ഷ സമരപരിപാടികളുമായി തല്‍ക്കാലം ലീഗ് മുന്നോട്ടുപോകട്ടെ എന്ന നയമാണ് കോണ്‍ഗ്രസിന്.
ജലീലിനെതിരായ നീക്കത്തില്‍ ലീഗില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ട്. യൂത്ത് ലീഗ് മാത്രമാണ് ജലീലിനെതിരെ ശക്തമായി രംഗത്തുവന്നിട്ടുള്ളത്. ലീഗിന്റെ മുതിര്‍ന്ന നേതാക്കളില്‍ പലരും ജലീലിനെതിരെ പ്രതികരിച്ചിട്ടില്ല. ജലീലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്‌ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് ഒഴികെ മറ്റു സംസ്ഥാന ഭാരവാഹികള്‍ ആരും പങ്കെടുത്തതുമില്ല.