മലപ്പുറം- തെലങ്കാനയിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിലേക്കു ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗും. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ നടന്ന സഖ്യശ്രമങ്ങളാണ് യാഥാർഥ്യമാകുന്നത്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഒന്നിച്ചു നിന്നു സഖ്യത്തെ ശക്തിപ്പെടുത്താൻ ഇരുപാർട്ടികളും തീരുമാനമായി.
ടി.ഡി.പി, തെലങ്കാന ജനസമിതി (ടി.ജെ.എസ്), സി.പി.ഐ എന്നീ പാർട്ടികളാണ് പ്രതിപക്ഷ ഐക്യത്തിലെ മറ്റു സഖ്യകക്ഷികൾ. മഹാകൂട്ടമി പ്രതിപക്ഷ സഖ്യം എന്ന പേരിലാണ് തെലങ്കാനയിലെ പ്രതിപക്ഷം പ്രവർത്തിക്കുന്നത്. കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വവും എഐസിസി സെക്രട്ടറി കെ. ശ്രീനിവാസൻ അടക്കമുള്ളവരുമായി പി.കെ കുഞ്ഞാലിക്കുട്ടി നിരന്തരമായി നടത്തിയ ചർച്ചകളാണ് ഫലം കണ്ടതെന്ന് തെലങ്കാന മുസ്‌ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൾ ഗനി പറഞ്ഞു. തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ ഉത്തംകുമാർ, തെലങ്കാന കോൺഗ്രസിന്റെ ചുമതലയുള്ള പാർട്ടി നേതാവ് കുൻടയ്യ എന്നിവരുമായി കുഞ്ഞാലിക്കുട്ടി നടത്തിയ ചർച്ചയിലാണ് സഖ്യ സാധ്യത തെളിഞ്ഞത്.
വർഗീയ,ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി ജനാധിപത്യമതനിരപേക്ഷ കക്ഷികളെ അണിനിരത്തി പോരാടുക എന്ന മുസ്ലിം ലീഗ് നയത്തിന്റെ ഭാഗമായാണ് തെലങ്കാനയിലെ സഖ്യമെന്നു പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പോടെ പ്രതിപക്ഷ കക്ഷികൾ കൂടുതൽ കരുത്താർജിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ടി.ആർഎസ് സർക്കാർ ന്യൂനപക്ഷ സമുദായത്തെ വഞ്ചിക്കുകയാണ് മുസ്ലിംലീഗ് തെലങ്കാന സംസ്ഥാന കമ്മിറ്റി അധ്യക്ഷൻ മുഹമ്മദ് ഇംതിയാസ് ഹുസൈൻ പറഞ്ഞു. വിദ്യാഭ്യാസ സർക്കാർ ജോലികളിലെ സംവരണം, വഖഫ് ബോർഡ് നിയമാധികാരം നൽകൽ എന്നിവ ഇതുവരെ നടപ്പാക്കിയില്ല. ഇതിനു പുറമേ പല ന്യൂനപക്ഷ വിരുദ്ധ നയങ്ങളിലും എൻ.ഡി.എ സർക്കാരിനു പിന്തുണ നൽകുന്ന നിലപാടാണ് ടി.ആർ.എസ് സ്വീകരിച്ചതെന്നു ഇംതിഹാസ് ഹുസൈൻ ആരോപിച്ചു. തെലങ്കാന സംസ്ഥാന തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനു മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രഫ കെ.എം ഖാദർ മൊയ്തീനും പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും പങ്കെടുക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചു.






