സി.പി.എം-ബി.ജെ.പി സംഘര്‍ഷം; ബോംബേറ്; നാല് പേര്‍ക്കു പരിക്കേറ്റു

പയ്യന്നൂര്‍ - കോറോം നെല്ല്യാട്ടും ആലക്കാട്ടും സി.പി.എം - ബി.ജെ.പി സംഘര്‍ഷം. നാല് പേര്‍ക്കു പരിക്കേറ്റു. രണ്ടിടത്ത് ബോംബേറുണ്ടായി. ബൈക്ക് തകര്‍ത്തു. വീടിനു നേരെയും ആക്രമണമുണ്ടായി.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി കോറോം നെല്ല്യാട്ട് സ്‌കൂളിനടുത്ത സനല്‍ കുമാര്‍ (30), ഡി.വൈ.എഫ്.ഐ യൂനിറ്റ് പ്രസിഡണ്ട് കുന്നുമ്മല്‍ രമേഷ് (30), നെല്ലാട്ടെ ബി.ജെ.പി പ്രവര്‍ത്തകന്‍ ജിഷാദിന്റെ സഹോദരി ലീഷ്മ (38), ലീഷ്മയുടെ മകള്‍ അശ്വതി (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബി.ജെ.പി മണ്ഡലം സെക്രട്ടറി ഗംഗാധരന്‍ കാളീശ്വരത്തിന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. വാഹനവും തകര്‍ത്തു.
ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് പരിക്കേറ്റ സി.പി.എം നേതാവ് സനല്‍ കുമാര്‍ പോലീസിനു മൊഴി നല്‍കി. ഇരുമ്പു വടി കൊണ്ടുള്ള അടിയേറ്റ് സനല്‍ കുമാറിന്റെ കൈ തകര്‍ന്നു. ഇതിനു പിന്നാലെയാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ ജിഷാദിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്. സംഘടിച്ചെത്തിയ സി.പി.എം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. ജിഷാദിന്റെ വീട്ടിലെ ഫര്‍ണിച്ചറുകളും വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും തകര്‍ത്തു. അക്രമം നടക്കുമ്പോള്‍ ജിഷാദ് വീട്ടിലുണ്ടായിരുന്നില്ല. സഹോദരിക്കും മകള്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. ബഹളം കേട്ട് സമീപവാവസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടു.
ഇതിനു ശേഷം അര്‍ദ്ധ രാത്രിയോടെയാണ് ബി.ജെ.പി നേതാവ് ഗംഗാധരന്റെ വീടിനു നേരെയും ആര്‍.എസ്.എസ് നേതാവ് ബിജു ആലക്കാടിന്റെ വീടിനു നേരെയും ബോംബേറുണ്ടായത്. ആര്‍ക്കും പരിക്കില്ല. വീടിനു കേടുപാടുകള്‍ സംഭവിച്ചു. ബി.ജെ.പി നേതാവിന്റെ വീടിനു മുന്നില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയില്‍ അക്രമികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പെരിങ്ങോം പോലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥലത്ത് പോലീസ് ക്യാമ്പു ചെയ്യുന്നുണ്ട്.

 

Latest News