Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എയര്‍പോര്‍ട്ടിലെ ചവറ്റുകുട്ടയില്‍ കയ്യിട്ട് വാരുന്നത് കോടികള്‍; മുംബൈയിലെ ഭക്ഷണ കമ്പനിയുടെ സൂത്രം ഇങ്ങനെ

മുംബൈ- എയര്‍പോര്‍ട്ട് ലോഞ്ചുകളിലെ ഫുഡ് കോര്‍ട്ടുകളിലും കഫെകളിലും ഭക്ഷണ ശാലകളിലും വച്ചിരിക്കുന്ന ചവറ്റുകുട്ടയിലെ ഭക്ഷണാവശിഷ്ടങ്ങള്‍ക്കിടയില്‍ കയ്യിട്ടു വാരി ഭക്ഷണ കമ്പനികള്‍ കോടികള്‍ വാരുന്നു എന്നത് അവിശ്വസനീയമായ ഒരു വാര്‍ത്തയായി തോന്നാം. എന്നാല്‍ മുംബൈ എയര്‍പോര്‍ട്ടിലെ ഒരു ഭക്ഷണ കമ്പനി ഇങ്ങനെ കോടികള്‍ ലാഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ചവറ്റുകുട്ടയിലെ മാലിന്യം വാരി വിറ്റല്ല ഇത്. ചവറ്റുകുട്ടകള്‍ വിശദമായ പഠനത്തിനു വിധേയമാക്കി അതിന് അനുസരിച്ച് ഭക്ഷണം വിളമ്പുന്ന സൂത്രത്തിലൂടെയാണ് ഇത്. മുംബൈ എയര്‍പോര്‍ട്ടിലെ ജി.വി.കെ ലോഞ്ച് എന്ന ഭക്ഷണ പാനീയ കമ്പനിയുടെ ചീഫ് ഓപറേറ്റിങ് ഓഫീസറാണ് ഇത്തരമൊരു പരീക്ഷണത്തിന് മുതിര്‍ന്നത്. ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കപ്പെടുന്ന ഭക്ഷണ അവശിഷ്ടങ്ങളുടെ സ്വഭാവം, രുചി, കൂട്ട്, അവ വിളമ്പിയ സമയം, അത് എന്തു കൊണ്ട് ചറ്റുകുട്ടയിലെറിഞ്ഞു എന്നീ കാര്യങ്ങള്‍ വിശകലനം ചെയ്ത് പഠിച്ചാണ് ഇതു സാധ്യമാകുന്നത്. വിവിധ നഗരങ്ങളിലെ രാജ്യാന്തര വിമാനത്താവളത്തിലെ ഫസ്റ്റ് ക്ലാസ്, പ്രീമിയം ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കു വേണ്ടി മാത്രമുള്ള ഭക്ഷണ ശാലയാണ ജി.വി.കെ ലോഞ്ച്. 

അടിക്കടി വിമാന യാത്ര ചെയ്യുന്നവരുടെ പ്രത്യേക ഭക്ഷണ രീതി മനസ്സിലാക്കാന്‍ ഇതു കമ്പനിയെ സഹായിച്ചു. രാത്രി വൈകിയുള്ള വിമാന യാത്രക്കെത്തുന്ന സ്ഥിരം യാത്രക്കാര്‍ കഴിക്കുന്നവ എന്താണെന്ന് പഠിച്ചു. തുടര്‍ന്നുള്ള മാസങ്ങളില്‍ കമ്പനി എയര്‍പോര്‍ട്ട് ലോഞ്ചിലെ വിവിധ ഔട്‌ലെറ്റുകളില്‍ വിളമ്പുന്ന വിഭവങ്ങളില്‍ മാറ്റങ്ങള്‍ പരീക്ഷിച്ചു. ഇതോടെ ചവറ്റുകുട്ടയില്‍ കുമിഞ്ഞ് കൂടുന്ന അവശിഷ്ടങ്ങളും ഗണ്യമായി കുറഞ്ഞു. ഈ ചവറ്റുകുട്ട വിശകലനം കമ്പനിയെ സംബന്ധിച്ച് വലിയ നേട്ടമാണുണ്ടാക്കിയത്. ഭക്ഷണം പാഴാക്കുന്നത് ഗണ്യമായി കുറക്കാനും ലാഭം വര്‍ധിപ്പിക്കാനുമുള്ള ഒരു സൂത്രമായി ഇതു മാറി. ഇങ്ങനെ മധുരപലഹാരങ്ങളില്‍ വരുത്തിയ മാറ്റം വഴി മാത്രം 1.2 കോടി രൂപയാണ് കമ്പനി ലാഭിച്ചത്. മറ്റു വിഭവങ്ങളുടെ കണക്കുകള്‍ വേറെ.

ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ ചവറ്റുകുട്ട വിശകലനം ജി.വി.കെ ലോഞ്ച് മുംബൈ, ചെന്നൈ, ദല്‍ഹി, കൊല്‍കത്ത വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ 19 നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 280 ഫുഡ് ഔട്‌ലെറ്റുകളിലും പതിവാക്കി. മൂന്നു മാസത്തിലൊരിക്കല്‍ ഇതു നടത്തും. ഒരു വര്‍ഷം കമ്പനി ഇതുവഴി ലാഭിക്കുന്നത് അഞ്ചു കോടി രൂപ വരെയാണ്. 

യാത്രക്കാര്‍ക്കിടയില്‍ മൂന്നു ദിവസത്തെ സര്‍വെ നടത്തിയപ്പോഴാണ് ഭക്ഷണം പാഴാക്കുന്നതിന്റെ പ്രധാന കാരണം പിടികിട്ടിയതെന്ന് ജി.വി.കെ ലോഞ്ച് സി.ഒ.ഒ ഗൗരവ് ധവാന്‍ പറയുന്നു. ഡിന്നര്‍ ബുഫെയില്‍ 15 ഇനം ഡെസേര്‍ട്ടുകള്‍ വിളമ്പിയിരുന്നു. എന്നാല്‍ ഓരോ യാത്രക്കാരനും രണ്ടോ മൂന്നോ ഇനം മാത്രമെ എടുക്കുന്നുള്ളൂവെന്ന് കണ്ടെത്തി. ഇതില്‍ ഒരു സ്പൂണോ അല്ലെങ്കില്‍ പകുതിയോ മാത്രം കഴിച്ച് ബാക്കി കുട്ടയിലെറിയുകയാണ് ചെയ്യുന്നത്. ഇവിടെ പ്രശനം രുചിയോ ഗുണമോ അല്ല, അളവാണെന്ന് വ്യക്തമായി. ഇതിനനുസരിച്ച് മെനുവില്‍ മാറ്റം വരുത്തി. ഡെസേര്‍ട്ടുകളുടെ വലിപ്പം കുറച്ചു. കൊച്ചു കപ് കേക്ക്, ഡോനട്ട്, മക്രൂണ്‍ എന്നിവയാക്കി. നേരത്തെ 15 ഇനം ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അത് അളവ് കുറച്ച് 18 ഇനമാക്കി. ഇതോടെ ചവറ്റുകുട്ടയുടെ ഭാരം കുറഞ്ഞു. ഭക്ഷണം പാഴാക്കുന്നതും ഗണ്യമായി കുറഞ്ഞു. അതിനനുസിരച്ച് ചെലവുകളും കുറഞ്ഞു. ഒരു വര്‍ഷത്തിനിടെ മുംബൈ എയര്‍പോര്‍ട്ടിലെ അഞ്ച് ലോഞ്ചുകളില്‍ നിന്നു മാത്രമായി 1.2 കോടി രൂപയാണ് ലാഭിച്ചത്. ഇപ്പോള്‍ പതിവാക്കിയിരിക്കുകയാണ്. അഞ്ചു കോടി വരെ ഇതുവഴിലാഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്- ധവാന്‍ പറഞ്ഞു.
 

Latest News