Sorry, you need to enable JavaScript to visit this website.

ആക്ടിവിസ്റ്റുകളെത്തിയാൽ  തടയുമെന്ന് ദേവസ്വം മന്ത്രി

തൃശൂർ- ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകൾ എത്തിയാൽ തടയുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആക്ടിവിസ്റ്റുകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഗൂഢലക്ഷ്യങ്ങളുമായി എത്തുന്നവരെയാണെന്നും അത്തരം ഗൂഢലക്ഷ്യങ്ങളുമായി എത്തുന്നവർക്ക് ദർശനത്തിന് അനുവാദം നൽകില്ലെന്നും മാധ്യമ പ്രവർത്തകരോട് മന്ത്രി വ്യക്തമാക്കി. യുവതികൾ ആരും തന്നെ ഇതുവരെയും ദർശനത്തിന് അപേക്ഷ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ ചെമ്പൈ സംഗീതോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ ദേവസ്വം മന്ത്രി മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. ശബരിമലയിൽ ആക്ടിവിസ്റ്റുകൾ പ്രവേശിക്കുന്നതിനെക്കുറിച്ച് താൻ മുമ്പ് പറഞ്ഞത് സർക്കാർ നിലപാടാണെന്നും മുമ്പും ശബരിമലയിൽ പോലീസ് ധാരാളമായി സേവനം നടത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഭക്തരെ പതിനെട്ടാം പടി കയറ്റിവിടുന്നത് വരെ പോലീസുകാരാണ്. തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഒരു വഴിപാടായ ചിത്തിര ആട്ടത്തിന് മുമ്പൊന്നും ഇത്രയും ഭക്തരെത്തിയിരുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പോലീസിനു നടുവിൽ നിന്ന് പ്രാർഥിക്കാൻ ബുദ്ധിമുട്ടാണെന്ന പന്തളം കൊട്ടാരം പ്രതിനിധിയുടെ വാക്കുകൾ മറ്റു പല വിഷയങ്ങളിലുമുള്ള പോലെ തെറ്റിദ്ധാരണ മൂലമാകാമെന്നും കടകംപള്ളി പറഞ്ഞു.
സുരക്ഷ ആവശ്യപ്പെട്ട് എത്തുന്ന സ്ത്രീകൾക്ക് സർക്കാർ ആവശ്യമായ സുരക്ഷയൊരുക്കും. 
മന്ത്രി കെ.ടി.ജലീലിനെ മുസ്‌ലിം ലീഗുകാർ ഭയപ്പെടുന്നതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ആരോപണങ്ങളിൽ കഴമ്പില്ലെന്നും കടകംപള്ളി പറഞ്ഞു. 
 

Latest News