റിയാദ് -വൈദ്യുതി ബില്ലുകൾ യഥാർഥ ഉപയോക്താക്കളുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന സേവനത്തിന് സൗദി ഇലക്ട്രിസിറ്റി കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിച്ചു. അടുത്ത ജനുവരി ഒന്നു മുതൽ യഥാർഥ ഉപയോക്താക്കളുടെ പേരിൽ വൈദ്യുതി ബില്ലുകൾ ഇഷ്യൂ ചെയ്യാനാണ് കമ്പനി ആലോചിക്കുന്നത്. ഇതിനു മുന്നോടിയായി ഉപയോക്താക്കളുടെ വിവരങ്ങൾ പുതുക്കാനുള്ള പദ്ധതിക്ക് കമ്പനി ഇന്നലെ തുടക്കം കുറിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് യഥാർഥ ഉപയോക്താവിനെ കമ്പനി നിർണയിക്കുക. നിലവിൽ കെട്ടിട ഉടമകളുടെ പേരിലാണ് വൈദ്യുതി ബില്ലുകൾ ഇഷ്യൂ ചെയ്യുന്നത്. ഇതിനു പകരം വാടകക്കാർ അടക്കമുള്ള യഥാർഥ ഉപയോക്താക്കളുടെ പേരിൽ ബില്ലുകൾ ഇഷ്യൂ ചെയ്യുന്ന രീതി നടപ്പാക്കാനാണ് തീരുമാനം.
വിവരങ്ങൾ പുതുക്കുന്നതിലൂടെ യഥാർഥ ഉപയോക്താക്കൾക്ക് ഓരോ മാസവും ഓട്ടോമാറ്റിക് ആയി വൈദ്യുതി ബില്ലുകൾ ലഭിക്കും. മൂന്നു ഘട്ടമായാണ് കമ്പനി പദ്ധതി നടപ്പാക്കുന്നത്. ഇന്നലെ ആരംഭിച്ച ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോക്താക്കളുടെ വിവരങ്ങൾ പുതുക്കുകയാണ് ചെയ്യുന്നത്. ഇത് ഈ മാസാവസാനം വരെ തുടരും. അടുത്ത ഘട്ടത്തിൽ ഉപയോക്താക്കളുടെ വിവരങ്ങൾ പുതുക്കുന്ന സേവനം ഔദ്യോഗികമായി നടപ്പാക്കും. ഇത് ഡിസംബർ ഒന്നു മുതൽ 31 വരെ തുടരും. മൂന്നാം ഘട്ടം ജനുവരി ഒന്നിന് ആരംഭിക്കും. ജനുവരി ഒന്നു മുതൽ ആദ്യ ബിൽ അടയ്‌ക്കേണ്ട സമയത്തിനു മുമ്പായി വിവരങ്ങൾ പുതുക്കാത്ത ഉപയോക്താക്കൾക്ക് വൈദ്യുതി സേവനം വിലക്കും. 'ഹിസാബീ' എന്ന് പേരിട്ട സേവനം വഴി അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുന്ന ഉപയോക്താക്കൾക്ക് താമസസ്ഥലം മാറുമ്പോൾ അതിനൊപ്പം തങ്ങളുടെ അക്കൗണ്ടുകളും മാറ്റാൻ സാധിക്കും. എന്തെങ്കിലും കാരണത്താൽ വൈദ്യുതി സേവനം റദ്ദാക്കേണ്ട സാഹചര്യങ്ങളിൽ അക്കൗണ്ടുകൾ റദ്ദാക്കാനും മരവിപ്പിക്കാനും സാധിക്കും.
ഗാർഹിക, വ്യവസായ, കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലാ ഉപയോക്താക്കളെല്ലാം വിവരങ്ങൾ പുതുക്കൽ നിർബന്ധമാണ്. സൗദി പൗരന്മാരും വിദേശികളും ഗൾഫ് പൗരന്മാരും വിസിറ്റ് വിസക്കാരുമെല്ലാം വിവരങ്ങൾ പുതുക്കിയിരിക്കണം. സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, അർധ സർക്കാർ സ്ഥാപനങ്ങൾ എന്നിവ അടക്കം സൗദി ഇലക്ട്രിസിറ്റി കമ്പനി സേവനം പ്രയോജനപ്പെടുത്തുന്നവരെല്ലാം വിവരങ്ങൾ പുതുക്കണം. ഓൺലൈൻ വഴി എളുപ്പത്തിൽ വിവരങ്ങൾ പുതുക്കാൻ കഴിയും. സൗദി ഇലക്ട്രിസിറ്റി കമ്പനി ഓഫീസുകൾ സന്ദർശിച്ചും ഉപയോക്താക്കൾക്ക് വിവരങ്ങൾ പുതുക്കാൻ സാധിക്കും.