ദല്‍ഹിയില്‍ പാലം ഉദ്ഘാടനത്തിനിടെ രാഷ്ട്രീയ പോര്; കുളമാക്കിയത് ക്ഷണിക്കാതെ എത്തിയ ബി.ജെ.പി എം.പി -Video

ന്യൂദല്‍ഹി- പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ദല്‍ഹിയിലെ സിഗ്നേചര്‍ ബ്രിഡ്ജ് ഉദ്ഘാടനത്തിന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടി ക്ഷണിക്കാതെ എത്തിയ ബി.ജെ.പി എം.പിയും കൂട്ടരും ചേര്‍ന്ന് കുളമാക്കി. തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകരും എ.എ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ ബി.ജെ.പി ലോക്‌സഭാംഗവും ദല്‍ഹി അധ്യക്ഷന്‍ കൂടിയായ മനോജ് തിവാരി പോലീസിനെ അടിക്കുകയും ഇടിക്കുകയും ചെയ്യുന്ന വിഡിയോയും പുറത്തു വന്നു. ക്ഷണിക്കാതെ എത്തിയ തിവാരിയേയും കൂട്ടരേയും പോലീസ് തടയുകയായിരുന്നു. തിവാരി പോലീസുകാരന്റെ മുഖത്ത് അടിക്കുന്ന ദൃശ്യവും പുറത്തു വന്നു. സംഘര്‍ഷത്തിനിടെ പോലീസ് ബലപ്രയോഗത്തിലൂടെ തിവാരിയെ പിടിച്ചു മാറ്റി.

ഇതു ദല്‍ഹി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ വന്ന് സംഘര്‍ഷമുണ്ടാക്കിയപ്പോള്‍ പോലീസ് നോക്കി നില്‍ക്കുകയായിരുന്നെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ പ്രതികരിച്ചു. തന്റെ മണ്ഡലത്തില്‍ നിര്‍മ്മിച്ച സുപ്രധാന പാലത്തിന്റെ ഉദ്ഘാടന വേദിയിലെത്താന്‍ തനിക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തിവാരി ബലപ്രയോഗത്തിലൂടെ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത്.

വര്‍ഷങ്ങളായി നിര്‍മ്മാണം മുടങ്ങിക്കിടന്ന പാലത്തിന്റെ പ്രവൃത്തികള്‍ താന്‍ ഇടപെട്ടാണ് പുനരാരംഭിച്ചതെന്നും അരവിന്ദ് കേജ് രിവാള്‍ ഉദ്ഘാടന പരിപാടി നടത്തുകയാണെന്നും തിവാരി ആരോപിച്ചു. ആം ആദ്മി പ്രവര്‍ത്തകരും പോലീസും തന്നോട് മോശമായി പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം ആം ആദ്മി പാര്‍ട്ടി നേതാവ് സജ്ഞയ് സിങ് ബി.ജെ.പി ആരോപണത്തിന് മറുപടിയുമായി രംഗത്തെത്തി. നോയ്ഡ, ബഹദൂര്‍ഗഡ്, ഫരിദാബാദ് മെട്രോ ലൈനുകളുടെ ഉദ്ഘാടനത്തിനൊന്നും മുഖ്യമന്ത്രിയെ ബി.ജെ.പിക്കാര്‍ ക്ഷണിച്ചിട്ടില്ല. ദല്‍ഹി പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച ഐടിഓയിലെ സ്‌കൈവാക്ക് ഉദ്ഘാടനത്തിലും മുഖ്യമന്ത്രിയെ തഴഞ്ഞു. എന്നിട്ടിപ്പോള്‍ ബി.ജെ.പി നാടകം കളിക്കാന്‍ വന്നിരിക്കുകയാണ്- സിങ് പറഞ്ഞു. 

വടക്കന്‍ ദ്ല്‍ഹിയേയും വടക്കു കിഴക്കന്‍ ദല്‍ഹിയേയും തമ്മില്‍ ബന്ധിപ്പിച്ച് യമുനാ നദിക്കു കുറുകെ 2000 കോടി ചെലവില്‍ നിര്‍മ്മിച്ച സിഗ്നേചര്‍ പാലം തുറുന്നു കൊടുക്കുന്നതോട് പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറാനിരിക്കുകയാണ്. വശങ്ങളില്‍ കേബിളുകള്‍ തൂക്കിയിട്ടിരിക്കുന്ന മുകളില്‍ ചില്ലു കൂടാരത്തോടു കൂടിയ പാലം ഇന്ത്യയില്‍ ആദ്യമായാണ്. ഇടുങ്ങിയ വസിറാബാദ് പാലത്തില്‍ നിന്നും 1997ല്‍ യമുനാ നദിയിലേക്ക് സ്‌കൂള്‍ ബസ് മറിഞ്ഞതിനെ തുടര്‍ന്നാണ് ഈ വലിയ പാലം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്. 2008ല്‍ ആരംഭിച്ച നിര്‍മ്മാണ പ്രവൃത്തികള്‍ ഈ വര്‍ഷമാണ് പൂര്‍ത്തീകരിച്ചത്. പാലത്തിന്റെ തൂണുകളില്‍ 154 മീറ്റര്‍ ഉയരത്തില്‍ ദല്‍ഹി നഗരത്തെ വീക്ഷിക്കാവുന്ന ചില്ലു കൂടാരം ഈ പാലത്തിന്റെ മുഖ്യ ആകര്‍ഷണമാണ്. 
 

Latest News