കൽപറ്റ- കൗമാര പ്രായക്കാരായ സഹപാഠികൾ വ്യത്യസ്ത ദിവസങ്ങളിൽ ജീവനൊടുക്കിയ സംഭവത്തിൽ നടുങ്ങി വയനാട്. സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനത്തിൽ കുടുങ്ങിയാണ് കുട്ടികൾ ജീവനൊടുക്കിയത് എന്നാണ് വിവരം. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണ തുടങ്ങി. കമ്പളക്കാട്, കണിയാമ്പറ്റ സ്വദേശികളായ പ്ലസ്വൺ വിദ്യാർഥികളാണ് ഒരു മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്തത്. രണ്ടുപേരും ഉച്ചത്തിൽ പാട്ടു വെച്ചതിനു ശേഷം വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു.
ആത്മഹത്യക്കു മുമ്പ് രണ്ടു കുട്ടികളും മരണത്തെക്കുറിച്ചുള്ള സൂചനകൾ സാമൂഹിക മാധ്യമത്തിലൂടെ പങ്കു െവച്ചിരുന്നു. മരണത്തെ പ്രണയിച്ചു തുടങ്ങിയെന്നാണ് വിദ്യാർഥികൾ സാമൂഹിക മാധ്യമത്തിലൂടെ സൂചിപ്പിച്ചത്. ജീവനൊടുക്കിയ കുട്ടികളുടെ സുഹൃത്ത് മരണത്തെ സൂചിപ്പിക്കുന്ന പോസ്റ്റ് അടുത്തിടെ സാമൂഹിക മാധ്യമത്തിൽ അപ്‌ലോഡ് ചെയ്തിരുന്നു. രാത്രി 11 ഓടെയായിരുന്നു ഇത്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലർ ബന്ധുക്കളെ വിവരം അറിയിച്ചു. രാവിലെ കുട്ടിക്കൊപ്പം രക്ഷിതാക്കൾ കമ്പളക്കാട് പോലീസ് സ്റ്റേഷനിലെത്തി. പോലീസ് സമയമെടുത്ത് ബോധവത്കരണം നടത്തിയതോടെയാണ് കുട്ടിയുടെ മനസ്സ് മാറിയത്. അടുത്ത സുഹൃത്തുക്കളുടെ മരണത്തിലുണ്ടായ ആഘാതമാണ് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിടുന്നതിനു പ്രേരണയായതെന്നാണ് കുട്ടി പോലീസിനെ അറിയിച്ചത്. സമീപകാലത്ത് ഇരുചക്ര വാഹനാപകടങ്ങളിൽ കൗമാര പ്രായക്കാർ മരണപ്പെടുകയുണ്ടായി. കുട്ടികളുടെ ആത്മഹത്യക്കൊപ്പം ഈ അപകട മരണങ്ങളും അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്നു ഉയരുന്നുണ്ട്.