Sorry, you need to enable JavaScript to visit this website.

ഗുജറാത്ത് മുന്‍ മന്ത്രി ഹരെണ്‍ പാണ്ഡ്യയെ കൊലപ്പെടുത്താന്‍ വന്‍സാര കൊട്ടേഷന്‍ നല്‍കി; പുതിയ വെളിപ്പെടുത്തല്‍

മുംബൈ- പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായേയും സംശയത്തിന്റെ നിഴലിലാക്കിയ ഗുജറാത്തിലെ മുന്‍ മോഡി മന്ത്രിസഭ അംഗവും ബി.ജെ.പി നേതാവുമായിരുന്ന ഹരേണ്‍ പാണ്ഡ്യ കൊലപാതകം സംബന്ധിച്ച് നര്‍ണായക വെളിപ്പെടുത്തല്‍. വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസുകളില്‍ പ്രതിയായ മുന്‍ ഗുജറാത്ത് ഐ.പി.എസ് ഓഫീസര്‍ ഡി.ജി. വന്‍സാരയാണ് പാണ്ഡ്യയെ കൊലപ്പെടുത്താന്‍ കൊട്ടേഷന്‍ നല്‍കിയതെന്ന് സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസിലെ പ്രധാന സാക്ഷി പ്രത്യേക സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കി. 2003ല്‍ അഹമദാബാദിലാണ് പാണ്ഡ്യ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പാണ്ഡ്യയെ കൊല്ലാന്‍ വന്‍സാര സുഹ്‌റാബുദ്ദീന് പണം നല്‍കിയെന്നാണ് സാക്ഷിയുടെ വെളിപ്പെടുത്തല്‍. 

2002ലാണ് താന്‍ സുഹ്‌റാബുദ്ദീനും അദ്ദേഹത്തിന്റെ ഭാര്യ കൗസര്‍ ബിയും അവരുടെ സഹായി തുളസി പ്രജാപതി എന്നിവരുമായി അടുക്കുന്നത്. ആഭ്യന്തര മന്ത്രിയെ കൊലപ്പെടുത്താന്‍ ഡി.ജി വന്‍സാര പണം നല്‍കിയതായി അന്ന് സുഹ്‌റാബുദ്ദീന്‍ തന്നോട് പറഞ്ഞിരുന്നു. ചെയ്തത് തെറ്റാണെന്നും ഒരു നല്ല മനുഷ്യനെയാണ് കൊലപ്പെടുത്തിയതെന്നും സുഹ്‌റാബുദ്ദീനോട് പറഞ്ഞിരുന്നതായും സാക്ഷി കോടതിയില്‍ പറഞ്ഞു. 2005 രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്ത് ഉയ്പൂര്‍ ജയിലിലടച്ചപ്പോള്‍ അവിടെ വച്ച് പ്രജാപതിയെ കണ്ടിരുന്നെന്നും സാക്ഷി മൊഴി നല്‍കി. സുഹ്‌റാബുദ്ദീനേയും ഭാര്യ കൗസര്‍ബിയേയും കൊലപ്പെടുത്തിയത് ഗുജറാത്ത് പോലീസാണെന്ന് പ്രജാപതി അവിടെ വച്ച് തന്നോട് പറഞ്ഞിരുന്നതായും പ്രത്യേക സിബിഐ ജഡ്ജ് എസ്. ജെ ശര്‍മയ്ക്കു മുമ്പാകെ ഈ സാക്ഷി മൊഴി നല്‍കി. സാക്ഷി വിസ്താരം കോടതി അടുത്തയാഴ്ചയും തുടരും. 

2005ല്‍ ഗുജറാത്ത് പോലീസ് വ്യാജ ഏറ്റുമുട്ടലിലാണ് സുഹ്‌റാബുദ്ദീനെയും കൗസര്‍ബിയേയും കൊലപ്പെടുത്തിയത്. ഗുജറാത്ത് പോലീസും രാജസ്ഥാന്‍ പോലീസും ചേര്‍ന്ന് നടത്തിയ മറ്റൊരു ഏറ്റുമുട്ടലില്‍ പ്രജാപതിയും കൊല്ലപ്പെട്ടു. ഈ രണ്ട് വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലും ഇപ്പോഴത്തെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, വന്‍സാര, ഗുജറാത്ത്, രാജസ്ഥാന്‍ പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ 38 പ്രതികളുണ്ടായിരുന്നു.ഇവരില്‍ ഷാ ഉള്‍പ്പെടെ 16 പേരെ പിന്നീട് കുറ്റവിമുക്തരാക്കി.
 

Latest News