കചാര്‍- വന്‍ ആയുധ ശേഖരവുമായി എത്തിയ രണ്ടു ഭീകരരെ അസമിലെ കചാറില്‍ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി. ഇവര്‍ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (ഖപ്ലാങ്) എന്ന ഭീകര സംഘടനയില്‍പ്പെട്ടവരാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അസം-മണിപൂര്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഒരു ചന്തയില്‍ ശനിയാഴ്ചയാണ് സംഭവം. രാവിലെ 11.15ഓടെ ഇവിടെ എത്തിയ സായുധരായ രണ്ടു പേര്‍ നാട്ടുകാരോട് വഴിചോദിച്ചറിഞ്ഞു. ഇവരുടെ കയ്യിലുള്ള വന്‍ ആയുധ ശേഖരം കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ഗ്രാമീണരെ ആക്രമിക്കാന്‍ വന്നതാകാമെന്ന് സംശയത്തില്‍ ഇവരെ വളഞ്ഞിട്ട് പിടികൂടി മര്‍ദിക്കുകയായിരുന്നവെന്ന് കചാര്‍ ജില്ലാ പോലീസ് മേധാവി രാകേഷ് റൗഷന്‍ പറഞ്ഞു.
രണ്ട് എ.കെ56 തോക്കുകള്‍, രണ്ട് ഇന്‍സാസ് റൈഫിളുകള്‍, ചൈനീസ് ലൈറ്റ് മെഷിന്‍ ഗണ്‍, ചൈനീസ് ഹാന്‍ഡ് ഗ്രനേഡ്, ഒരു 12-കുഴല്‍ തോക്ക്, നിരവധി റൗണ്ട് വെടിയുണ്ടകള്‍ എന്നിവ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് പിടികൂടിയതായും പോലീസ് അറിയിച്ചു. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇരുവരും മര്‍ദനമേറ്റ് അവശരായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരിക്കുകയായിരുന്നു. നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് എന്ന വിഘടന വാദി സംഘടന ഈ മേഖലയില്‍ സജീവമാണ്. കൊല്ലപ്പെട്ടവര്‍ ആരാണെന്ന് തിരിച്ചറിയാനുള്ള അന്വേഷണം നടന്നു വരുന്നതായും പോലീസ് അറിയിച്ചു.
അസമിലെ തിന്‍സുകിയയില്‍ ബംഗാള്‍ സ്വദേശികളായ അഞ്ച് കര്‍ഷകരെ അജ്ഞാതര്‍ വെടിവച്ചു കൊന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് ഈ സംഭവം.