കൊച്ചി- ആദ്യ വിവാഹത്തിലെ മകനെ ക്രൂരമായി മർദിച്ച കേസിൽ ഒളിവിലായിരുന്ന മാതാവും സുഹൃത്തായ ഡോക്ടറും അറസ്റ്റിൽ. എറണാകുളം ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ പടമുകൾ പാലച്ചുവട് റോഡിൽ സൂര്യനഗറിൽ ശ്രീദർശനം വീട്ടിൽ ഡോ.ആദർശും മർദനമേറ്റ കുട്ടിയുടെ മാതാവുമാണ് അറസ്റ്റിലായത്. ഇരുവരെയും മൈസൂരിലെ ഒളി സങ്കേതത്തിൽനിന്നു തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പതിനൊന്നുകാരനായ കുട്ടിക്കാണ് മർദനമേറ്റത്.
ഇരുവരെയും ഇന്നലെ വൈകിട്ടോടെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇവർക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം പോലീസ് കേസെടുത്തിരുന്നു. മാതാവിന്റെയും ഡോക്ടറുടെയും മർദ്ദനം സഹിക്കാൻ സാധിക്കാതെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ബാലൻ വീടു വിട്ടിറങ്ങി സമീപ വീട്ടിൽ അഭയം തേടിയതോടെയാണ് പീഡന വിവരം പുറത്തായത്. കാർ ഷോറൂമിൽ ജീവനക്കാരിയായ യുവതിയുടെ ആദ്യ ബന്ധത്തിലുള്ളതാണ് കുട്ടി. മുമ്പു രണ്ടു തവണ വിവാഹിതയായിട്ടുള്ള യുവതി രണ്ടു കൊല്ലമായി ഡോക്ടറുടെ പാലച്ചുവട്ടിലെ വീട്ടിലാണ് താമസം. ഇതിനിടെയാണ് ഇരുവരും ചേർന്നു കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ ഡോക്ടർ സ്ഥലം വിട്ടു. പോലീസ് സ്റ്റേഷനിലായിരുന്ന യുവതിയും ഇതിനു പിന്നാലെ മുങ്ങി.