Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നൂറു കോടിയുടെ നിക്ഷേപത്തട്ടിപ്പ് കേസ് പ്രതി  ആശുപത്രി കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു

കെ.വി.വിശ്വനാഥൻ

കോട്ടയം- നൂറു കോടിയുടെ തട്ടിപ്പ് അന്വേഷണം നേരിടുന്ന കോട്ടയത്തെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ കുന്നത്തുകളത്തിൽ ഗ്രൂപ്പ് ഉടമ കെ.വി വിശ്വനാഥൻ ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രി കെട്ടിടത്തിന് മുകളിൽനിന്നു ചാടി ജീവനൊടുക്കി. സ്ഥാപനം അടച്ചു പൂട്ടിയതിനെ തുടർന്ന് നിക്ഷേപത്തട്ടിപ്പിന് പോലീസ് അറസ്റ്റു ചെയ്ത വിശ്വനാഥനെ ചികിത്സക്കായി ആശുപത്രിയിൽ എത്തിച്ചതായിരുന്നു.

രാവിലെ എട്ടു മണിയോടെ കോട്ടയം നാഗമ്പടം മെഡിക്കൽ സെന്റർ ആശുപത്രിയുടെ ആറാം നിലയിൽനിന്നു ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. നിക്ഷേപത്തട്ടിപ്പ് കേസിൽ കുടുംബസമേതം അന്വേഷണം നേരിടുന്നതിനിടെയാണ് വിശ്വനാഥന്റെ ആത്മഹത്യ.
വിശ്വനാഥനും ഭാര്യയും കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. ജയിലിൽ പോകേണ്ടി വന്നത് മുതൽ വിശ്വനാഥൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. 

ജാമ്യത്തിലിറങ്ങി വൈകാതെ റെക്കറന്റ് ഡിപ്രസീവ് ഡിസോർഡർ എന്ന അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോടികളുടെ കടബാധ്യത വന്നതോടെ പാപ്പരായി പ്രഖ്യാപിക്കണമെന്നും റിസീവറെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം സബ് കോടതിയിൽ ഹരജി നൽകിയിരുന്നു. ഇത് പരിഗണിച്ച് കോടതി ഇദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചിരുന്നു. കോട്ടയം, ചെങ്ങന്നൂർ, ചങ്ങനാശേരി, കുമരകം എന്നിവിടങ്ങളിൽ ജൂവലറിയും  കോട്ടയം നഗരത്തിൽ അടക്കം ചിട്ടി ഫണ്ട്‌സും കുന്നത്തുകളത്തിൽ ഗ്രൂപ്പിനു കീഴിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. 

എല്ലാറ്റിന്റെയും പ്രവർത്തനങ്ങൾ കോടതി ഇടപെടലിനെ തുടർന്നു സ്തംഭിച്ചിരുന്നു. കോടികളുടെ സാമ്പത്തിക ബാധ്യതയുടെ പേരിൽ പാപ്പർ ഹരജി സമർപ്പിച്ച വിശ്വനാഥനും ഗ്രൂപ്പ് ഉടമകളായ ഭാര്യക്കും മകൾക്കും മരുമകനുമെതിരെ പിന്നീട് പോലീസ് 14 കേസുകൾ ചുമത്തിയിരുന്നു. കുന്നത്തുകളത്തിലിന്റെ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചവർ കുന്നത്തുകളത്തിൽ ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ എന്ന പേരിൽ ജൂണിൽ നടത്തിയ പ്രതിഷേധങ്ങൾക്കു ശേഷമാണ് വിശ്വനാഥനും കുടുംബാംഗങ്ങളും അറസ്റ്റിലായത്. 

നാലു മാസത്തോളം റിമാൻഡിൽ കഴിഞ്ഞു. പ്രഭാത നടത്തം ശീലമുളള വിശ്വനാഥൻ രാവിലെ ആശുപത്രിയുടെ ടെറസിലെത്തി താഴേക്ക് ചാടുകയായിരുന്നു. കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. വിശ്വനാഥന്റെ മരണം കോട്ടയം നഗരം ഞെട്ടലോടെയാണ് കേട്ടത്. വിശ്വനാഥന്റെ ആത്മഹത്യയോടെ നൂറു കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസിന്റെ തുടർ അന്വേഷണവും പ്രതിസന്ധിയിലാകും. തട്ടിപ്പിനിരയായ ആയിരത്തോളം നിക്ഷേപകർ കടുത്ത ആശങ്കയിലാണ്. 

 

Latest News