Sorry, you need to enable JavaScript to visit this website.

മക്ക, ഹായില്‍ പ്രവിശ്യകളില്‍ ഞായറാഴ്ചയും മഴ തുടരും

കനത്ത മഴ പെയ്ത തായിഫില്‍നിന്നുള്ള ദൃശ്യം

ജിദ്ദ- മക്ക, ഹായില്‍ പ്രവിശ്യകളില്‍ ഞായറാഴ്ച അര്‍ധ രാത്രി വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. റാബിഗ്, ജിദ്ദ, തുവല്‍, ദഹ്ബാന്‍, ലെയ്ത്ത്, ശുഐബ, ഖുലൈസ്, അസ്ഫാന്‍ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും മഴക്ക് സാധ്യതയുണ്ട്.    വാദി അല്‍ലെയ്ത്തില്‍ അണക്കെട്ടിന് സമീപം കുടുങ്ങിപ്പോയ മൂന്ന് വിദേശികളെ വ്യോമസേന രക്ഷപ്പെടുത്തി. ഇവിടേക്ക് എത്തിപ്പെടാന്‍ സാധ്യമല്ലാതെ വന്നതോടെയാണ് ഈജിപ്ത്, നേപ്പാള്‍, യെമന്‍  പൗരന്മാരെ രക്ഷപ്പെടുത്താന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം വ്യോമസേനയുടെ സഹായം തേടിയത്. ഇവിടെ ഒരു മലമുകളില്‍ കുടുങ്ങിയ സ്വദേശിയെ സിവില്‍ ഡിഫന്‍സ് യൂനിറ്റും രക്ഷപ്പെടുത്തി.
കനത്ത മഴ പെയ്ത തായിഫില്‍ കുടുങ്ങിക്കിടന്ന ഒമ്പത് വാഹനങ്ങളില്‍നിന്ന് യാത്രക്കാരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. പാറയിടിഞ്ഞതിനെ തുടര്‍ന്ന് മുഹമ്മദിയ്യ ചുരവും ജബല്‍ കറാ റോഡും സുരക്ഷ മുന്‍നിര്‍ത്തി അടച്ചതായി തായിഫ് സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ നാസര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ശരീഫ് അറിയിച്ചു.
ശക്തമായ മഴക്കാണ് ഹായില്‍ പ്രവിശ്യ സാക്ഷ്യം വഹിച്ചത്. നഗരത്തിലും സമീപ പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം മൂടി. ഞായറാഴ്ചയും സമാന കാലാവസ്ഥ തുടരുമെന്നതിനാല്‍ അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കി.

Latest News