ന്യൂദൽഹി - ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരേ നൽകിയ റിട്ട് ഹരജികൾ മൂന്നംഗ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗർ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക. ശബരിമലയുമായി ബന്ധപ്പെട്ട ഹരജികളിന്മേലുള്ള വാദം ഈ മാസം 13 ലേക്ക് മാറ്റിയിരുന്നു.
തമിഴ്‌നാട്ടിൽ നിന്നുള്ള അഭിഭാഷകൻ വിജയകുമാർ, ജയരാജ് കുമാർ, മുംബൈ മലയാളി ശൈലജ വിജയൻ എന്നിവർ നൽകിയ റിട്ട് ഹരജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്.
അതിനിടെ ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കുന്നത് തടഞ്ഞവർക്കെതിരായ കോടതിയലക്ഷ്യ അപേക്ഷയിൽ തീരുമാനം എടുക്കുന്നതിൽനിന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പിന്മാറി.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള, തന്ത്രി കണ്ഠരര് രാജീവര്, രാമരാജ വർമ്മ, മുരളീധരൻ ഉണ്ണിത്താൻ, നടൻ കൊല്ലം തുളസി എന്നിവർക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് നൽകിയ ഹരജികളിൽ നടപടി എടുക്കുന്നതിൽ നിന്നാണ് അറ്റോർണി ജനറൽ പിൻമാറിയത്. കേസിൽ നേരത്തെ ദേവസ്വം ബോർഡിനു വേണ്ടി അറ്റോർണി ജനറൽ ഹാജരായിരുന്നു. ഇതാവാം അദ്ദേഹത്തിന്റെ പിൻമാറ്റത്തിന് കാരണമെന്നാണ് സൂചന. കോടതിയലക്ഷ്യ ഹരജികളിൽ നടപടിയുമായി മുന്നോട്ടു പോകണമെങ്കിൽ അറ്റോർണി ജനറലിന്റെ അനുമതി ആവശ്യമാണ്. കോടതിയലക്ഷ്യ നടപടിക്കുള്ള അനുമതി തേടി ഗീന കുമാരി, എ.വി. വർഷ എന്നിവർ നൽകിയ അപേക്ഷ കെ.കെ. വേണുഗോപാൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് കൈമാറി. ഒന്നുരണ്ട് ദിവസത്തിനകം അപേക്ഷയിൽ തീരുമാനമെടുക്കുമെന്ന് തുഷാർ മേത്ത പറഞ്ഞു.