ന്യൂദൽഹി - ഹിന്ദു, മുസ്‌ലിം സമുദായ സംഘടനകളുടെ സമവായത്തിന്റെ അടിസ്ഥാനത്തിൽ അയോധ്യയിൽ രാമക്ഷേത്രവും ലഖ്‌നൗവിൽ മസ്ജിദും നിർമിക്കുമെന്ന് രാമജൻമഭൂമി ന്യാസ്. തർക്കത്തിൽ ഉൾപ്പെട്ട കക്ഷികളുടെ പരസ്പര ധാരണയിൽ അയോധ്യയിൽ ക്ഷേത്ര നിർമാണം ഡിസംബറിൽ ആരംഭിക്കുമെന്നും ന്യാസ് പ്രസിഡന്റ് രാം വിലാസ് വേദാന്തി പറഞ്ഞു.
ഓർഡിനൻസ് ഇല്ലാതെ തന്നെ പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ ക്ഷേത്ര നിർമാണം ആരംഭിക്കും. ലഖ്‌നൗവിൽ മുസ്‌ലിം പള്ളിയും പണിയുമെന്ന് വേദാന്തി പറഞ്ഞു. എന്നാൽ ഒത്തുതീർപ്പ് വ്യവസ്ഥകളെക്കുറിച്ച് തങ്ങൾക്കറിയില്ലെന്ന് മുസ്‌ലിം വ്യക്തിനിയമ ബോർഡ് പ്രതികരിച്ചു.
രാമക്ഷേത്ര നിർമാണത്തിനായി കേന്ദ്ര സർക്കാരിന് മേൽ ആർ.എസ്.എസും വി.എച്ച്.പിയും സമ്മർദം ചെലുത്തുന്നതിനിടെയാണ് രാമജൻമഭൂമി ന്യാസിന്റെ പ്രതികരണം. രാമക്ഷേത്ര നിർമാണം നേരത്തേ തന്നെ ആരംഭിക്കുന്നതിനായി ഓർഡിനൻസ് ഇറക്കണമെന്നാണ് ആർ.എസ്.എസും വി.എച്ച്.പിയും ആവശ്യപ്പെടുന്നത്. കോടതി വിധിക്ക് കാത്തിരിക്കുന്നതായി ഉത്തർ പ്രദേശ് സർക്കാർ വിശദീകരിക്കുമ്പോഴാണ് ബി.ജെ.പി മുൻ എം.പി കൂടിയായ വേദാന്തി ക്ഷേത്ര നിർമാണം ഡിസംബറിൽ ആരംഭിക്കുമെന്നും ഇതിന് ഓർഡിനൻസിന്റെ ആവശ്യമില്ലെന്നും പറയുന്നത്.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിൽ നിന്നും ബി.ജെ.പിയെ തടയാൻ ആർക്കും കഴിയില്ലെന്ന് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. അയോധ്യ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ സർക്കാർ വിധിക്കായി കാത്തിയിരിക്കുകയാണെന്നും മൗര്യ വ്യക്തമാക്കി.
അയോധ്യ ക്ഷേത്ര നിർമാണത്തിനായി ഓർഡിനൻസ് ഇറക്കുന്നതിൽ തെറ്റില്ലെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് സംഘപരിവാർ സംഘടനകൾക്ക് കരുത്തു പകരുകയും ചെയ്തു.