അക്ബറിനെതിരായ പരാതികള്‍ രാജ്യസഭാ എത്തിക്‌സ് കമ്മിറ്റി പരിശോധിച്ചേക്കും

ന്യൂദല്‍ഹി- ലൈംഗിക അതിക്രമ ആരോപണങ്ങളെ തുടര്‍ന്നു മന്ത്രിസ്ഥാനം രാജിവെച്ച എം.ജെ. അക്ബറിനെതിരായ പരാതികള്‍ രാജ്യസഭ എത്തിക്‌സ് കമ്മിറ്റി പരിശോധിച്ചേക്കും.  ബി.ജെ.പി എം.പി നാരായാണ്‍ ലാല്‍ പഞ്ചാരിയയാണ് കമ്മിറ്റി ചെയര്‍മാന്‍. അക്ബറിനെതിരായ പരാതികള്‍ ലഭിച്ചാല്‍ എത്തിക്‌സ് കമ്മിറ്റി തീര്‍ച്ചയായും നടപടികള്‍ക്കു ശുപാര്‍ശ ചെയ്യുമെന്നും നിലവിലുള്ള കേസുകള്‍ പരിശോധിക്കുമെന്നുമാണ് നാരായണ്‍ ലാലിന്റെ പ്രതികരണം.  
അക്ബറിനെതിരെ ഉയര്‍ന്നു വന്നത് വെറും ആരോപണങ്ങള്‍ മാത്രമായിരുന്നെങ്കില്‍ അത് കമ്മിറ്റി തള്ളിക്കളയുമായിരുന്നു. എന്നാല്‍ വളരെ ഗുരുതരമായ പരാതികളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ രാജ്യസഭ എത്തിക്‌സ് കമ്മിറ്റിക്ക് സ്വമേധയാ പരാതി പരാതികള്‍ പരിഗണിച്ച് നടപടി എടുക്കാവുന്നതാണെന്നാണ് എത്തിക്‌സ് കമ്മിറ്റി അംഗം കേശവ റാവു പറഞ്ഞത്.
രാജ്യസഭ അംഗങ്ങളുടെ ധാര്‍മികവും സദാചാരപരവുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സമിതിയാണ് എത്തിക്‌സ് കമ്മിറ്റി. നേരിട്ടു ലഭിക്കുന്ന പരാതികള്‍ക്കു പുറമെ ഗുരുതര ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കാനുള്ള അധികാരവും സമിതിക്കുണ്ട്. അന്വേഷണത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ ശാസനയോ സസ്‌പെന്‍ഷനോ ഉള്‍പ്പെടെയുള്ള നടപടികള്‍ എടുക്കാനും സമിതിക്കു കഴിയും.

 

Latest News