തിരുവനന്തപുരം- ശബരിമല പ്രശ്‌നത്തിൽ എൻ.എസ്.എസുമായി അടവു നയത്തിന് സർക്കാർ. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് സർക്കാറും എൻ.എസ്.എസും തമ്മിലുള്ള ശീതസമരത്തിന്റെ മഞ്ഞുരുക്കാനുള്ള നീക്കവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ശബരിമല വിഷയത്തിൽ എൻ.എസ്.എസുമായി ചർച്ച നടത്താൻ സർക്കാറിന് തുറന്ന മനസ്സാണെന്ന് കടകംപള്ളി പറഞ്ഞു. സർക്കാറിന് ഇക്കാര്യത്തിൽ പിടിവാശിയില്ല. എന്നാൽ കലക്ക വെള്ളത്തിൽ മീൻ പിടിക്കാനാണ് ചിലരുടെ ശ്രമം. തിരുവനന്തപുരത്ത് എൻ.എസ്.എസ് ഓഫീസ് ആക്രമിച്ചതിനു പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസ് മഹനീയ പാരമ്പര്യമുള്ള സംഘടനയാണ്. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ അത് മാറ്റാൻ സർക്കാർ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇടഞ്ഞു നിൽക്കുന്ന സംഘടനയെ അനുനയിപ്പിക്കാൻ ഉദ്ദേശിച്ചാണ് മന്ത്രിയുടെ ഈ പ്രതികരണമെന്ന് വ്യക്തമാണ്.
ശബരിമലയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണമില്ല. സാമൂഹ്യ വിരുദ്ധരെ ഒഴിവാക്കാനുള്ള പരിശോധന മാത്രമാണ് നടക്കുന്നത്. ബി.ജെ.പിക്ക് സ്വാധീനമുള്ള മേലാംകോട്ട് എൻ.എസ്.എസ് ഓഫീസിനു നേരെ നടന്ന ആക്രമണം സമാധാന അന്തരീക്ഷം തകർക്കാൻ ലക്ഷ്യം വെച്ചുള്ളതാണെന്നും കടകംപള്ളി പറഞ്ഞു. ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. സമീപ കെട്ടിടങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഓഫീസിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. മേലാംകോട്ട് എൻ.എസ്.എസ് ഓഫീസിനു നേരെ നടന്ന ആക്രമണത്തിലും ദേവസ്വം നിയമനങ്ങളിലെ സംവരണ പ്രശ്‌നത്തിലും സർക്കാറിനെതിരെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രൂക്ഷ വിമർശനം നടത്തിയതിനു പിന്നാലെയാണ് എൻ.എസ്.എസുമായി ചർച്ചയ്ക്ക് സന്നദ്ധമെന്ന് കടകംപള്ളി വ്യക്തമാക്കിയത്.
അതേസമയം, ചിത്തിര ആട്ടവിശേഷ പൂജയ്ക്കായി തിങ്കളാഴ്ച ശബരിമലയിൽ എത്തുന്ന ഭക്തർക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി പോലീസ് അറിയിച്ചു. നൂറ് വനിതാ പോലീസ് ഉദ്യോഗസ്ഥരടക്കം 2300 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലും പരിസരത്തുമായി ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. ചീഫ് പോലീസ് കോഓർഡിനേറ്ററായ ദക്ഷിണ മേഖല എ.ഡി.ജി.പി അനിൽ കാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണൻ ജോയന്റ് കോ ഓർഡിനേറ്റർ ആയിരിക്കും. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളിൽ ഐ.ജി എം.ആർ. അജിത് കുമാറും പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഐ.ജി അശോക് യാദവും സുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കും. പത്തു വീതം എസ്.പിമാരും ഡിവൈ.എസ്.പിമാരും ഡ്യൂട്ടിയിലുണ്ടാകും. സന്നിധാനത്തും നിലയ്ക്കൽ, പമ്പ മേഖലകളിലുമായി 20 അംഗ കമാണ്ടോ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.
കർശനമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെങ്കിലും പ്രായമായ സ്ത്രീകളെ ശബരിമലയിൽ എത്തിച്ച് പ്രതിഷേധം ശക്തമാക്കാനാണ് സംഘപരിവാർ നീക്കം. കേരളത്തിന് പുറത്തു നിന്നടക്കം പ്രവർത്തകരെ ശബരിമലയിൽ എത്തിച്ച് പ്രതിഷേധം ശക്തമാക്കാനാണ് സംഘപരിവാർ തീരുമാനിച്ചിരിക്കുന്നത്. പ്രവർത്തകർക്ക് ഇത് സംബന്ധിച്ച നിർദേശം നൽകിയതായാണ് സൂചന.