റിയാദ് - സൗദി അറേബ്യയിൽ ആശുപത്രികളും സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളും നടത്താൻ വിദേശ നിക്ഷേപകർക്ക് അനുമതി. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് വിജ്ഞാപനം പുറപ്പെടുവിച്ചു.
എന്നാൽ മെഡിക്കൽ ക്ലിനിക്കുകൾ നടത്തുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും സ്വദേശികളായ ഡോക്ടർമാർക്ക് മാത്രമേ അനുവാദമുണ്ടായിരിക്കൂ എന്നും രാജവിജ്ഞാപനത്തിൽ വിശദമാക്കി.
ചികിത്സാ മേഖലയിൽ പ്രവർത്തിക്കുന്ന സ്വദേശികൾക്ക് മാത്രമാണ് ക്ലിനിക് ഉടമപ്പെടുത്താൻ അനുമതി ലഭിക്കുക. ക്ലിനിക്കിൽ ജോലി ചെയ്യുന്നതിനും ഫുൾ ടൈം വ്യവസ്ഥയിൽ സ്വദേശി ഡോക്ടർമാരെ നിയമിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും.
കഴിഞ്ഞ ഒക്ടോബർ 11 ന് മന്ത്രിസഭയുടെ വിദഗ്ധ സമിതി സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ നിയമാവലിയിൽ കാതലായ ഭേദഗതി വരുത്തണമെന്ന് അഭ്യർഥിച്ച് സമർപ്പിച്ച ശുപാർശ അംഗീകരിച്ചാണ് രാജാവ് ഉത്തരവിറക്കിയത്. ആരോഗ്യ മേഖലയിൽ മികച്ച നിക്ഷേപാവസരങ്ങൾ സൃഷ്ടിക്കുമെന്ന് റിയാദിൽ സമാപിച്ച ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് ഫോറം പ്രഖ്യാപിച്ചിരുന്നു.
സൗദിയിലെ സർക്കാർ ആശുപത്രികൾ വാങ്ങുന്നതിന് നേരത്തെ യു.എ.ഇ ആസ്ഥാനമായി ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വ്യവസായി ബി.ആർ. ഷെട്ടി താൽപര്യം പ്രകടിപ്പിച്ചിരുന്നു. അവസരങ്ങളുണ്ടാകുമ്പോൾ അവ പ്രയോജനപ്പെടുത്താൻ തങ്ങൾ മുന്നോട്ടു വരുമെന്ന് യു.എ.ഇയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ പരിചരണ കമ്പനിയായ എൻ.എം.സി ഹെൽത്ത് കെയർ സ്ഥാപകനായ ബി.ആർ. ഷെട്ടി വ്യക്തമാക്കിയിരുന്നു. 600 കോടി ഡോളർ മൂലധനമുള്ള എൻ.എം.സി ഹെൽത്ത് കെയർ സൗദിയിൽ സ്വകാര്യ ആരോഗ്യ പരിചരണ മേഖലയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുണ്ട്.
സാമ്പത്തിക പരിഷ്കരണങ്ങളുടെ ഭാഗമായി സർക്കാർ ആശുപത്രികൾ സ്വകാര്യവൽക്കരിക്കുന്നതിനുള്ള പദ്ധതി സൗദി ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. രാജവിജ്ഞാപനം പുറത്തു വന്നതോടെ, ആഗോള തലത്തിൽ തന്നെ പ്രശസ്തമായ കമ്പനികൾ സൗദി അറേബ്യയിലേക്ക് ഒഴുകുമെന്നാണ് വിലയിരുത്തൽ.






