Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശബരിമല: അനർഥങ്ങൾക്കു കാരണം മലഅരയരെ പുറത്താക്കിയത് -മലഅരയ മഹാസഭ

തൊടുപുഴ- ശബരിമല ക്ഷേത്രത്തിൽ മലഅരയർ പരമ്പരാഗതമായി നടത്തി വന്നിരുന്ന തേനഭിഷേകത്തിന് അവസരമൊരുക്കാൻ സർക്കാർ തയാറാകണമെന്ന് ഐക്യ മലഅരയ മഹാസഭ ആവശ്യപ്പെട്ടു. ക്ഷേത്രത്തിൽ ഓരോ വർഷവും നടത്തിവരുന്ന ദേവപ്രശ്‌നങ്ങളിൽ, മല അരയ സമുദായത്തെ അവഗണിക്കുന്നതിൽ അതൃപ്തിയുള്ളതായി തെളിഞ്ഞിട്ടുണ്ട്. ഇതിനു പരിഹാരമായി വർഷംതോറും പ്രായശ്ചിത്ത കർമങ്ങൾ ചെയ്യുകയാണ്. ക്ഷേത്രത്തിൽ ആലപിക്കുന്ന ശ്രീ അയ്യപ്പന്റെ ഉറക്കു പാട്ടിന്റെ ഉത്ഭവം മല അരയരിൽ നിന്നാണ്. ഓടക്കുഴലിൽനിന്നു പുല്ലാങ്കുഴലിലേക്കും പിന്നെ 'ഹരിവരാസന'ത്തിലേക്കും ഉറക്കു പാട്ട് മാറ്റപ്പെടുകയായിരുന്നു. ശബരിമല ക്ഷേത്രം പമ്പാ നദീതട സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇത് ആയ് രാജാക്കന്മാരുടെ സംഭാവനയുമാണ്. ചിറ്റരചരുടെ ഗോത്രത്തിലാണ് ആയ് രാജവംശത്തിന്റെ ഉത്ഭവം. ചിറ്റരചരാണ് പിന്നീട് മല അരയരായി അറിയപ്പെട്ടത്. ശബരിമല ക്ഷേത്രത്തിന്റെ ആദ്യപടി ഇട്ടത് കരിമല അരയനാണ്. ആദ്യപൂജാരിയും അദ്ദേഹംതന്നെ. പിന്നീട് കോർമൻ അരയൻ, കരിമല മൂർത്തി, താളനാനി അരയൻ, കരിങ്കോന്തി ഓപ്പൻ, വല്ലേരി കടുത്ത, കൊമ്പുകുത്തി കൊച്ചുരാമൻ എന്നിവരായിരുന്നു പൂജാരിമാർ.
അവകാശങ്ങൾ ചോദിക്കുമ്പോൾ നെറ്റിചുളിച്ചിട്ടു കാര്യമില്ല. മല അരയ സമുദായത്തിന്റെ ആചാരങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട സ്വാമി സന്ദീപാനന്ദഗിരിയെ ആക്രമിക്കുകയും, സഹോദരൻ അയ്യപ്പനെ പുലയൻ അയ്യപ്പനെന്നു വിളിച്ചതുപോലെ അദ്ദേഹത്തെ പി കെ ഷിബു എന്നു വിളിക്കുകയും ചെയ്യുന്നവരെ തിരിച്ചറിയേണ്ടതുണ്ട്. ആശയങ്ങളെ ആശയങ്ങൾ കൊണ്ടാണ് നേരിടേണ്ടത്. ഭീഷണി കൊണ്ടോ അക്രമങ്ങൾ കൊണ്ടോ അല്ല. 
ആചാരം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നവർ ആദ്യം ചെയ്യേണ്ടത് ക്ഷേത്രത്തിന്റെ നേർ അവകാശികളായ മല അരയരുടെ ആചാരം പുനഃസ്ഥാപിക്കാൻ ഇടപെടുകയാണ്. അതു പുനഃസ്ഥാപിക്കാതെ മറ്റൊരു സമരത്തിലും സമുദായാംഗങ്ങൾ പങ്കെടുക്കുന്നതല്ല. കൊന്നും കൊലവിളിച്ചുമാണ് പതിനെട്ടു മലകളിൽനിന്നും മല അരയരെ പുറത്താക്കിയത്. രാജാക്കന്മാരും തന്ത്രിമാരും ദേവസ്വം ബോർഡും വനംവകുപ്പുമൊക്കെ ഇതിൽ പങ്കാളികളാണ്. ഇപ്പോഴുള്ള അനർത്ഥങ്ങൾക്കു കാരണം ഇതാണെന്ന് മല അരയ സമുദായം വിശ്വസിക്കുന്നു. ശബരിമല, പൊന്നമ്പലമേട്, കരിമല, നിലയ്ക്കൽ തുടങ്ങിയ ക്ഷേത്രങ്ങൾ ഇപ്രകാരം കൈയേറിയതാണ്. ഇതൊക്കെ തിരികെ നൽകണം. അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിന് കേരളത്തിലെ സമുദായ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരെ ഉൾപ്പെടുത്തി വിശാല വേദിയൊരുക്കും. ഭരണഘടന, കോടതി, ഗവൺമെന്റ്, ജനങ്ങൾ, മാധ്യമങ്ങൾ എന്നിവയിലാണ് സമുദായം വിശ്വാസമർപ്പിക്കുന്നത്.
പത്രസമ്മേളനത്തിൽ ഐക്യ മലഅരയ മഹാസഭാ സംസ്ഥാന പ്രസിഡന്റ് സി.ആർ ദിലീപ്കുമാർ, ജനറൽ സെക്രട്ടറി പി.കെ സജീവ്, രക്ഷാധികാരി പി.കെ നാരായണൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.ജി സോമൻ, സി.കെ സോമശേഖരൻ പങ്കെടുത്തു.

 

Latest News