ഭുവനേശ്വര്‍- ബി.ജെ.പി കബളിപ്പിച്ചുവെന്ന് ആരോപിച്ച് ഒഡീഷ സന്ദര്‍ശന വേളയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്ക് വീട്ടില്‍ വിരുന്നൊരുക്കിയ ആള്‍ രാജിവെച്ചു. ഹുഗുലാപേട്ട സ്വദേശി നവീന്‍ സായിന്‍ ആണ് ബി.ജെ.പി വിട്ടത്. ഭരണകക്ഷിയായ ബിജു ജനതാദളില്‍ (ബി.ജെ.ഡി) ചേര്‍ന്നു.
കഴിഞ്ഞ ജൂലൈ നാലിനാണ് നവീന്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കും കേന്ദ്ര മന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാനും ജുവല്‍ ഓറത്തിനും ഉച്ച വിരുന്ന് ഒരുക്കിയത്. ഇവര്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ച നവീന്‍ നാട്ടില്‍ താരമായിരുന്നു.
പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതിരുന്നതാണ് ബി.ജെ.പി വിടാന്‍ കാരണമെന്ന് നവീന്‍ പറഞ്ഞു. 2013 ഒക്ടോബറില്‍ ചുഴലിക്കൊടുങ്കാറ്റില്‍ വീടിനു കേടുപാട് സംഭവിച്ചിരുന്നു. ബി.ജെ.പി നേതാക്കള്‍ വീടു സന്ദര്‍ശിച്ചെങ്കിലും അവര്‍ ഒന്നും നല്‍കിയില്ലെന്നും നവീന്‍ പറഞ്ഞു.
എന്നാല്‍ നവീന്‍ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കനു ചരണ്‍ പതി അവകാശപ്പെട്ടു. ദരിദ്രന്‍ എന്ന നിലയിലാണ് ഇയാളുടെ വീട് അമിത് ഷാക്ക് ഭക്ഷണം ഒരുക്കാന്‍ തെരഞ്ഞെടുത്തതെന്നും കനു വിശദീകരിച്ചു.
ഹുഗുലാപേട്ടയിലെ ഗ്രാമമുഖ്യന്‍ പ്രദീപ് കുമാര്‍ മലാനയും അനുയായികളും നവീനൊപ്പം ബി.ജെ.ഡിയില്‍ ചേര്‍ന്നു. ഗോപാല്‍പുര്‍ എം.എല്‍.എയും മുന്‍ മന്ത്രിയുമായ പ്രദീപ് പനിഗാഡി ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.