Sorry, you need to enable JavaScript to visit this website.

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; രാമനഗരത്തില്‍ 73 ശതമാനം പോളിങ്

ബംഗളൂരു- കര്‍ണാടകയില്‍ മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കും നടന്ന വോട്ടെടുപ്പ് സമാധാനപരം.  ബെല്ലാരി-63.85, ഷിമോഗ-61.05 , മാണ്ഡ്യ-53.93, ജമാഖണ്ഡി-81.58, രാമനഗര- 73.71 എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളിലെ പോളിങ് ശതമാനം. മൂന്നു ലോക്‌സഭാ സീറ്റുകളിലും വിജയം ഉറപ്പാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദ്ദിയൂരപ്പ അവകാശപ്പെട്ടു.
ഷിമോഗ സീറ്റില്‍ തന്റെ മകനായ ബി.എസ്. രാഘവേന്ദ്രയുടെ വിജയം 101 ശതമാനം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സീറ്റുകളിലും ബി.ജെ.പിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജമാഖണ്ഡി മണ്ഡലത്തിലെ 50 ാം ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് പോളിങ്  തടസ്സപ്പെട്ടു. മാണ്ഡ്യ, നാഗമണ്ഡലയിലെ 90 ാം നമ്പര്‍ ബൂത്തിലും യന്ത്രത്തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് വോട്ടിങ് അല്‍പ നേരത്തേക്കു തടസ്സപ്പെട്ടു. ബെല്ലാരിയിലെ ഹരഗിനിദോനി ഗ്രാമത്തിലെ ശുദ്ധജല വിതരണം കാര്യക്ഷമമല്ലെന്ന പരാതി ഉന്നയിച്ച് വനിതാ വോട്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് വോട്ടെടുപ്പിനെ ബാധിച്ചു.
രാമനഗര മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന എല്‍. ചന്ദ്രശേഖര്‍ പിന്‍മാറിയതിനാല്‍ പാര്‍ട്ടിയുടെ ഏജന്റുമാരെ ബൂത്തുകളില്‍ പ്രവേശിപ്പിച്ചില്ല. നവംബര്‍ ആറിനാണ്  വോട്ടെണ്ണല്‍.

 

Latest News