Sorry, you need to enable JavaScript to visit this website.

വിമാനത്താവള ഉദ്ഘാടന ചടങ്ങ്  തീരുമാനിക്കാൻ കണ്ണൂരിൽ നാളെ യോഗം

കണ്ണൂർ- രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ തീരുമാനിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നാളെ കണ്ണൂർ വിമാനത്താവളത്തിൽ ഉന്നതതല യോഗം ചേരും. വിമാനത്താവളത്തിന്റെ പ്രവൃത്തി വിലയിരുത്തിയ ശേഷമാവും യോഗം. അതിനിടെ നാളെ കണ്ണൂരിൽ വീണ്ടും യാത്രാ വിമാനമിറങ്ങും. 
അവലോകന യോഗത്തിൽ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, ഐ.ജി. ബൽറാംകുമാർ ഉപാധ്യായ, കിയാൽ എം.ഡി തുളസീദാസ്, ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി തുടങ്ങിയവർ സബന്ധിക്കും. ഡിസംബർ ഒമ്പതിന് നടക്കുന്ന ഉദ്ഘാടന ചടങ്ങുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാവും പ്രധാനമായും ചർച്ച ചെയ്യുക. ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദ്ഘാടന വേദി എവിടെ വേണമെന്ന കാര്യവും യോഗം തീരുമാനിക്കും. കേരളത്തനിമ വിളിച്ചോതുന്ന പരിപാടികളാവും ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിക്കുക.
അതിനിടെ, ഏയ്‌റോഡ്രോം ഡാറ്റ പ്രാബല്യത്തിൽ വരുന്നതിന്റെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിൽ നാളെ എയർ ഇന്ത്യാ വിമാനം പരീക്ഷണ പറക്കൽ നടത്തും. വിമാനത്താവളത്തിലെ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം പൂർണ പ്രവർത്തന സജ്ജമാണോ എന്നു പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. എയർ ഇന്ത്യാ എക്‌സ്പ്രസിന്റെ ബോയിംഗ് 737 വിമാനമാണ് രണ്ടാമത് തവണയും പരീക്ഷണ പറക്കിലിനായി എത്തുന്നത്. ഓഗസ്റ്റ് 30, 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ എയർപോർട്ട് അതോറിറ്റിയുടെ ബീച്ച് ക്രാഫ്റ്റ് വിമാനം ഉപയോഗിച്ച് പരീക്ഷണ പറക്കൽ നടത്തിയിരുന്നു. വിവിധ വിമാനങ്ങൾ ഉപയോഗിച്ച് ഇതിനകം പത്തു തവണ കാലിബ്രേഷൻ ടെസ്റ്റും നടത്തി. എയർ ഇന്ത്യാ എക്‌സ്പ്രസ്, ഇൻഡിഗോ വിമാനങ്ങളുപയോഗിച്ചു നടത്തിയ പരീക്ഷണ പറക്കൽ വിജയകരമാവാത്തതിനെത്തുടർന്നാണ് വീണ്ടും വിമാനമിറങ്ങുന്നത്. അതിനിടെ മൂന്നു തവണ കണ്ണൂരിൽ കൊമേഴ്‌സ്യൽ വിമാനങ്ങൾ ഇറങ്ങുകയും ചെയ്തിരുന്നു.
ഐ.എൽ.എസ് സംബന്ധിച്ച സാങ്കേതിക വിവരങ്ങൾ ഉൾപ്പെട്ട എയ്‌റോനോട്ടിക്കൽ ഇൻഫർമേഷൻ ഇതുവരെ എയർപോർട്ട് അതോറിറ്റി പ്രസിദ്ധപ്പെടുത്തിയിട്ടില്ല. നോട്ടീസ് ടു എയർമെൻ ആയി പ്രസിദ്ധീകരിച്ചാൽ മാത്രമേ ഇതിനു ഉദ്ഘാടനം മുതൽ പ്രാബല്യം ലഭിക്കൂ. 
കണ്ണൂരിൽനിന്നു സർവീസ് നടത്തുന്നതിനുള്ള എയർ ഇന്ത്യാ എക്‌സ്പ്രസിന്റെ ടിക്കറ്റ് ബുക്കിംഗ് ഈ മാസം ഒമ്പതിന് ആരംഭിക്കും. 

 

Latest News