എക്‌സ്പ്രസ് വേകൾ മുറിച്ചു കടക്കുന്ന കാൽനടക്കാർക്ക് 2000 റിയാൽ വരെ പിഴ
റിയാദ്- ഗതാഗത നിയമ ലംഘനത്തിന് പിഴകൾ ചുമത്തിയതായി നിയമ ലംഘകരെ അറിയിച്ച് ആറു മാസം പിന്നിട്ടിട്ടും പിഴ അടക്കാത്ത പക്ഷം അത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് പരിഷ്‌കരിച്ച ട്രാഫിക് നിയമം അനുശാസിക്കുന്നു.
ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തപ്പെടുന്ന പിഴകൾ ഇരുപതിനായിരം റിയാലിലെത്തുന്ന പക്ഷവും നിയമ ലംഘകർക്കെതിരായ കേസുകൾ പ്രത്യേക കോടതിക്ക് കൈമാറും. ഇത്തരം സാഹചര്യങ്ങളിൽ പിഴ ഒരു മാസത്തിനകം അടക്കൽ നിർബന്ധമാണെന്ന് നിയമ ലംഘകരെ അറിയിക്കും. ഇതിനകം പിഴ അടക്കാത്ത പക്ഷം അവർക്കെതിരായ കേസുകൾ കോടതിക്ക് കൈമാറുകയാണ് ചെയ്യുക. പിഴ ഒടുക്കുന്നതു വരെ സർക്കാർ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾ നിയമ ലംഘകർക്ക് വിലക്കുന്നതിനാണ് കോടതി വിധിക്കുക. ഓഫാക്കാതെ വാഹനം നിർത്തി ഇറങ്ങിപ്പോകുന്നതിനും പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളിൽ കൂടിയല്ലാതെ കാൽനട യാത്രക്കാർ റോഡുകൾ മുറിച്ചു കടക്കുന്നതിനും പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളിലൂടെ റോഡുകൾ മുറിച്ചു കടക്കുന്ന കാൽനട യാത്രക്കാർക്ക് മുൻഗണന നൽകാത്തതിനും 100 മുതൽ 150 റിയാൽ വരെ പിഴ ലഭിക്കും. മെയിൻ റോഡിൽ 20 മീറ്ററിൽ കൂടുതൽ ദൂരം വാഹനം പിന്നോട്ടെടുക്കൽ, അപകട സ്ഥലത്ത് കൂട്ടംകൂടി നിൽക്കൽ, വാഹനങ്ങളിലെ ഹോൺ ദുരുപയോഗം ചെയ്യൽ എന്നീ നിയമ ലംഘനങ്ങൾക്ക് 150 മുതൽ 300 റിയാൽ വരെയാണ് പിഴ.എക്‌സ്പ്രസ് വേകൾ മുറിച്ചുകടക്കുന്ന കാൽനട യാത്രക്കാർക്ക് ആയിരം മുതൽ രണ്ടായിരം റിയാൽ വരെ പിഴ ചുമത്തും.
മലയാളം ന്യൂസ് വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് തിരിച്ചറിയൽ കാർഡുകളും വാഹനത്തിന്റെ രേഖകളും കാണിച്ചു കൊടുക്കുന്നതിന് വിസമ്മതിക്കൽ, വ്യക്തമല്ലാത്തതും കേടായതുമായ നമ്പർ പ്ലേറ്റുകളോടു കൂടിയ വാഹനങ്ങൾ ഓടിക്കൽ എന്നീ നിയമ ലംഘനങ്ങൾക്കും ഇതേ തുക പിഴ ചുമത്തും. നമ്പർ പ്ലേറ്റുകൾ മായ്ക്കൽ, ട്രക്കുകളും ലോറികളും ഹെവി വാഹനങ്ങളും വലതു വശത്തെ ട്രാക്ക് പാലിക്കാതിരിക്കൽ, മെയിൻ റോഡിലെ മത്സരയോട്ടം എന്നീ നിയമ ലംഘനങ്ങൾക്ക് 3000 മുതൽ 6000 റിയാൽ വരെയാണ് പിഴ. കൂടിയ വേഗമായി 120 കിലോമീറ്റർ നിശ്ചയിച്ച റോഡുകളിൽ നിശ്ചിത വേഗ പരിധിയേക്കാൾ മണിക്കൂറിൽ 10 മുതൽ 20 വരെ കിലോമീറ്റർ കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നതിന് 150 മുതൽ 300 റിയാൽ വരെയും, 20 മുതൽ 30 വരെ കിലോമീറ്റർ കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നതിന് 300 മുതൽ 500 റിയാൽ വരെയും, 30 മുതൽ 40 വരെ കിലോമീറ്റർ കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നതിന് 800 മുതൽ 1000 റിയാൽ വരെയും, 40 മുതൽ 50 വരെ കിലോമീറ്റർ കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നതിന് 1200 മുതൽ 1500 റിയാൽ വരെയും, 50 കിലോമീറ്ററും അതിൽ കൂടുതലും വേഗത്തിൽ വാഹനമോടിക്കുന്നതിന് 1500 മുതൽ 2000 റിയാൽ വരെയും പിഴ ലഭിക്കും. കൂടിയ വേഗമായി 140 കിലോമീറ്റർ നിശ്ചയിച്ച റോഡുകളിൽ നിശ്ചിത വേഗ പരിധിയേക്കാൾ മണിക്കൂറിൽ അഞ്ചു മുതൽ പത്തു വരെ കിലോമീറ്റർ കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നതിന് 150 മുതൽ 300 റിയാൽ വരെയും, 10 മുതൽ 20 വരെ കിലോമീറ്റർ കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നതിന് 800 മുതൽ 1000 റിയാൽ വരെയും, 20 മുതൽ 30 വരെ കിലോമീറ്റർ കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നതിന് 1200 മുതൽ 1500 റിയാൽ വരെയും, 30 കിലോമീറ്ററും അതിൽ കൂടുതലും കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നതിന് 1500 മുതൽ 2000 റിയാൽ വരെയും പിഴ ചുമത്തുന്നതിന് പരിഷ്‌കരിച്ച നിയമം അനുശാസിക്കുന്നു.