Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഗുരുതര അപകടങ്ങൾ വരുത്തുന്നവർക്ക് കടുത്ത ശിക്ഷ

പരിഷ്‌കരിച്ച ട്രാഫിക് നിയമത്തിൽ കർശന വ്യവസ്ഥകൾ
റിയാദ്- ഗുരുതരമായ അപകടങ്ങൾക്ക് കാരണക്കാരാകുന്നവർക്ക് കടുത്ത ശിക്ഷയാണ് പരിഷ്‌കരിച്ച ട്രാഫിക് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. ആളപായത്തിനും അംഗഭംഗത്തിനും ഇടയാക്കുന്ന വാഹനാപകടങ്ങൾക്ക് കാരണക്കാരാകുന്ന ഡ്രൈവർമാർക്ക് നാലു വർഷം വരെ തടവും രണ്ടു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. ഭേദമാകുന്നതിന് 15 ദിവസം വരെ വേണ്ടിവരുന്ന പരിക്കുകൾക്ക് ഇടയാക്കുന്ന വാഹനാപകടങ്ങൾക്ക് കാരണക്കാരാകുന്ന ഡ്രൈവർമാർക്ക് രണ്ടു വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ. 
പൊതുജന സുരക്ഷ അപകടത്തിലാക്കുന്ന നിയമ ലംഘനങ്ങൾ ഒരു വർഷത്തിനിടെ വീണ്ടും ആവർത്തിക്കുന്ന പക്ഷം നിയമ ലംഘകർക്ക് രണ്ടാം തവണ കൂടിയ തുക പിഴ ചുമത്തും. ഒരു വർഷത്തിനുള്ളിൽ മൂന്നാമതും അതേ നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് തടവ് ശിക്ഷ വിധിക്കുന്നതിന് അവർക്കെതിരായ കേസ് പ്രത്യേക കോടതിക്ക് കൈമാറും. നിയമ ലംഘനങ്ങൾക്ക് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ വിട്ടെടുക്കുന്നതിന് 90 ദിവസത്തിനകം സമീപിക്കാത്തവരുടെ വാഹനങ്ങൾ ലേലം ചെയ്യും. 


മലയാളം ന്യൂസ് വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താത്ത ഉടമകൾക്ക് 100 മുതൽ 150 റിയാൽ വരെ പിഴ ചുമത്തും. ലൈസൻസില്ലാത്ത ഡ്രൈവിംഗ് സ്‌കൂളുകൾക്ക് രണ്ടു ലക്ഷം റിയാലാണ് പിഴ. നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇരട്ടി പിഴ ചുമത്തും. വാഹനങ്ങളിൽനിന്ന് പുറത്തേക്ക് മാലിന്യങ്ങൾ വലിച്ചെറിയൽ, കാലാവധി തീർന്ന ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കൽ, കുട്ടികൾക്കുള്ള സുരക്ഷാ സീറ്റുകൾ ഉപയോഗിക്കാതിരിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് 300 മുതൽ 500 റിയാൽ വരെ പിഴയാണ് പരിഷ്‌കരിച്ച നിയമം അനുശാസിക്കുന്നത്. റെഡ് സിഗ്നൽ കട്ട് ചെയ്യൽ, കുട്ടികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും സ്‌കൂൾ ബസുകളെ മറികടക്കൽ, എതിർ ദിശയിൽ വാഹനമോടിക്കൽ, ഔദ്യോഗിക വാഹനങ്ങളിലേതു പോലുള്ള ഉപകരണങ്ങൾ വാഹനങ്ങളിൽ ഘടിപ്പിക്കൽ, മത്സരയോട്ടം എന്നീ നിയമ ലംഘനങ്ങൾക്ക് 3000 മുതൽ 6000 റിയാൽ വരെയും വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കൽ, ഷാസി നമ്പർ മായ്ക്കൽ, പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിലൂടെ റോഡുകൾ മുറിച്ചു കടക്കുന്നതിന് കാലികളെ അനുവദിക്കൽ, മദ്യ, മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിക്കൽ, ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തുന്നതിനു മുമ്പായി റോഡുകളിൽ നിർമാണ ജോലികൾ നടത്തൽ എന്നീ നിയമ ലംഘനങ്ങൾക്ക് 5000 മുതൽ 10,000 റിയാൽ വരെയും പിഴ ലഭിക്കും. 
പത്തു വയസിൽ കുറവ് പ്രായമുള്ള കുട്ടികളെ വാഹനങ്ങളിൽ ഒറ്റക്കാക്കൽ, ഗതാഗതം തടസ്സപ്പെടുത്തുംവിധം വേഗം കുറച്ച് വാഹനമോടിക്കൽ, അനാവശ്യമായി പെട്ടെന്ന് ബ്രേയ്ക്ക് ഉപയോഗിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് 300 മുതൽ 500 റിയാൽ വരെ പിഴ ലഭിക്കും. പ്രത്യേക സൈറൺ മുഴക്കി കടന്നുപോകുന്ന ആംബുലൻസുകൾ അടക്കമുള്ള എമർജൻസി വാഹനങ്ങളെ പിന്തുടരൽ, ഡ്രൈവിംഗിനിടെ കൈകൾ കൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കൽ, ലൈറ്റ് തെളിയിക്കാതെ ടണലുകളിൽ വാഹനമോടിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് 500 മുതൽ 900 വരെ റിയാൽ പിഴയാണ് നിയമം അനുശാസിക്കുന്നത്. 

Latest News