സൗദി പ്രളയം: ലൈത്തിൽ ഇന്ത്യക്കാരൻ ഒഴുക്കിൽപെട്ട് മരിച്ചു

ജിദ്ദ- അതിശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ജിദ്ദക്കു സമീപം ലൈത്തിൽ ഇന്ത്യക്കാരൻ ഒഴുക്കിൽപെട്ട് മരിച്ചു. ഒപ്പമുണ്ടായിരുന്ന നാലു പേർ രക്ഷപ്പെട്ടു. ലൈത്തിൽ ഗമീഖക്ക് കിഴക്ക് 15 കിലോമീറ്റർ ദൂരെ വാദി മൻസിയിലാണ് അഞ്ചു തൊഴിലാളികൾ സഞ്ചരിച്ച മിനി ലോറി (ഡൈന) വ്യാഴാഴ്ച വൈകീട്ട് ഒഴുക്കിൽപെട്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് അധികൃതർ എത്തി നാലു പേരെ രക്ഷപ്പെടുത്തി. മറിഞ്ഞ മിനി ലോറിയുടെ മുകളിൽ കയറി നിൽക്കുകയായിരുന്നു ഈ നാല് പേരും. അഞ്ചാമൻ ലോറിയുടെ കാബിനിൽ കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്നാണ് സഹപ്രവർത്തകർ ധരിച്ചത്. 
സിവിൽ ഡിഫൻസ് അധികൃതർ ലോറി ഉയർത്തി നടത്തിയ തിരച്ചിലിൽ ലോറിയുടെ കാബിനിലും സമീപ പ്രദേശങ്ങളിലും ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് താഴ്‌വരയിൽ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. അപകടത്തിൽ പെട്ട സ്ഥലത്തുനിന്ന് നാലു കിലോമീറ്റർ ദൂരെയാണ് ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തിയതെന്ന് മക്ക പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് കേണൽ സഈദ് സർഹാൻ അറിയിച്ചു. സുരക്ഷാ വകുപ്പുകൾ മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് നീക്കി. 
 

Latest News