ചോംഗ്ക്വിങ്- ചൈനയില്‍ 13 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിനു കാരണമായത് ഡ്രൈവറും യാത്രക്കാരിയും തമ്മിലുണ്ടായ തര്‍ക്കം. സുരക്ഷാ ക്യാമറകളില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ചോംഗ്ക്വിങില്‍വെച്ച് ബസ് പാലത്തില്‍നിന്ന് 50 മീറ്റര്‍ താഴ്ചയില്‍ യാങ്‌സി നദിയിലേക്ക് മറിഞ്ഞത്. 13 പേര്‍ മരിക്കുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തിരുന്നു. എതിരെ വന്ന മറ്റൊരു വാഹനവുമായുള്ള കൂട്ടിയിടി ഒഴിവാക്കനുള്ള ശ്രമത്തിനിടെ ബസ് നദിയില്‍ വീണുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഡ്രൈവറെ യാത്രക്കാരി ഇടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഡ്രൈവറും വെറുതെയിരുന്നില്ല. വേഗത്തില്‍വരികയായിരുന്ന ബസ് റോഡിന്റെ മറുവശത്തേക്ക് നീങ്ങുകയും പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് നദിയിലേക്ക് വീഴുകയുമായിരുന്നു. ബസിലുണ്ടായ അടിപിടിയാണ് അപകടകാരണമെന്ന് പോലീസിനെ ഉദ്ധരിച്ച് ചൈനയിലെ ഔദ്യോഗിക ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബസിനകത്ത് യാത്രക്കാര്‍ വിളിക്കുന്ന വിഡിയോകളും ചൈനീസ് മാധ്യമങ്ങള്‍ പങ്കുവെച്ചു.
സ്റ്റോപ്പില്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് 48 കാരിയായ യാത്രക്കാരി ലിയു ക്ഷുഭിതയായി ഡ്രൈവറുടെ സമീപത്തേക്ക് പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പറഞ്ഞിട്ടും ബസ് നിര്‍ത്താത്തതിനെ തുടര്‍ന്ന് ലിയു ഡ്രൈവര്‍ റാനിനെ മൊബൈല്‍ ഫോണ്‍ കൊണ്ട് ഇടിച്ചു. ബസ് റോംഗ് സൈഡിലേക്ക് നീങ്ങിയാണ് കൈവരിയിലിടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാന്‍ഷൗ ഡിസ്ട്രിക്ടിലുണ്ടായ അപകടത്തെ തുടര്‍ന്ന് വന്‍ രക്ഷാപ്രവര്‍ത്തനമാണ് നടന്നിരുന്നത്. നിരവധി ബോട്ടുകളും ഡസന്‍ കണക്കിന് ബോട്ടുകളും പങ്കെടുത്ത രക്ഷാ ദൗത്യത്തില്‍ ആരെങ്കിലും രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടില്ല. 71 അടി ആഴത്തില്‍നിന്നാണ് ബസിന്റെ ഭാഗങ്ങള്‍ പുറത്തെടുത്തത്. മുങ്ങല്‍ വിദഗ്ധര്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തിരുന്നു. പൊതുവെ അപകടങ്ങള്‍ ഇല്ലാത്ത പാലത്തിലുണ്ടായ ദുരന്തം ചൈനീസ് അധികൃതരേയും ജനങ്ങളേയും ഞെട്ടിച്ചിരുന്നു. യാത്രക്കാരിയേയും ഡ്രൈവറേയും കുറ്റപ്പെടുത്തുന്ന പോസ്റ്റുകള്‍ ചൈനിസ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. യാത്രക്കാരിലാരെങ്കിലും ഡ്രൈവറുമായി പ്രശ്‌നത്തിനു പോയാല്‍ നമ്മള്‍ അനങ്ങാതിരിക്കരുതെന്നാണ് വെയിബോയില്‍ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റില്‍ നിര്‍ദേശിക്കുന്നത്.






