Sorry, you need to enable JavaScript to visit this website.

ബാബരി കേസില്‍ സുപ്രീം കോടതി ഹിന്ദുക്കളെ അപമാനിച്ചെന്ന്; നീതി പീഠത്തെ വെല്ലുവിളിച്ച് ആര്‍.എസ്.എസ്

ന്യുദല്‍ഹി- ലോക് സഭാ തെരെഞ്ഞെടുപ്പ് അടുത്തതോടെ അയാധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണം വീണ്ടും പൊടിതട്ടിയെടുത്ത് രംഗം കൊഴിപ്പിക്കാനിറങ്ങിയ ആര്‍.എസ്.എസ് നേതൃത്വത്തിലുളള സംഘപരിവാര്‍ സുപ്രീം കോടതിക്കെതിരെ പരസ്യമായി രംഗത്ത്. ഹിന്ദു സമുദായത്തിന്റെ വികാരങ്ങള്‍ മാനിക്കാന്‍ സുപ്രീം കോടതി തയാറായില്ലെങ്കില്‍ പ്രക്ഷോഭത്തിനിറങ്ങുമെന്ന് ആര്‍.എസ്.എസ് പരമോന്നത നീതി പീഠത്തെ വെല്ലുവിളിച്ചു. ബാബരി മസ്ജിദ് ഭൂമിത്തര്‍ക്ക കേസില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ച സുപ്രീം കോടതി ഉത്തരവിനെതിരെ രൂക്ഷമായ ഭാഷയില്‍ രംഗത്തെത്തിയത് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയാണ്. താനെയില്‍ നടന്നു വന്ന ത്രിദിന ദേശീയ നിര്‍വാഹ സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബാബരി കേസിന് മുന്‍ഗണന നല്‍കേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ തീരുമാനം ഹിന്ദുക്കളുടെ വികാരത്തെ വൃണപ്പെടുത്തുന്നതാണ്. രാമക്ഷേത്രം നിര്‍മാണത്തിന് വഴിയൊരുക്കാന്‍ നിയമപരമായ അനുമതി ആവശ്യമായി വന്നിരിക്കുകയാണ്. ഒക്ടോബര്‍ 29ന് ഈ കേസ് സുപ്രീം കോടതി പരിഗണിച്ചപ്പോല്‍ ദിപാവലിക്കു മുമ്പ് നല്ല വാര്‍ത്തയുണ്ടാകുമെന്ന് ഹിന്ദുക്കള്‍ പ്രതീക്ഷിച്ചു. എന്നാല്‍ കോടതി ഇത് മാറ്റിവയ്ക്കുകയാണുണ്ടായത്. കേസില്‍ വിധി എന്നു വരുമെന്ന ചോദ്യത്തിന് മുന്‍ഗണനകള്‍ വേറെയാണെന്നായിരുന്നു കോടതിയുടെ മറുപടി- അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു വിഷയം കോടതിയുടെ മുന്‍ഗണനയില്‍ ഇല്ലെന്നത് വേദനപ്പിക്കുന്ന കാര്യമാണെന്നു ഭയ്യാജി ജോഷി പറഞ്ഞു. ഹിന്ദു സമുദായത്തിന്റെ വികാരം മാനിച്ച് അയോധ്യ ഭൂമി കേസില്‍ കോടതിയുടെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ അപമാനിതരായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 

Latest News