ലൈംഗിക ബന്ധത്തിന് വിസമ്മതിക്കാന്‍ വേശ്യകള്‍ക്കുപോലും അവകാശമുണ്ട്-സുപ്രീം കോടതി

ന്യൂദല്‍ഹി- വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച സ്ത്രീകള്‍ക്കുപോലും ലൈംഗിക ബന്ധത്തിനുള്ള ശ്രമം നിരാകരിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബലാത്സംഗ കേസില്‍ നാല് പേര്‍ക്ക് 10 വര്‍ഷം തടവ് വിധിച്ച കീഴ്‌ക്കോടതി ഉത്തരവ് പുനസ്ഥാപിച്ചുകൊണ്ടാണ് പരമോന്നത നീതിപീഠത്തിന്റെ വിധി. കീഴ്‌ക്കോടതിയുടെ വിധി ദുര്‍ബലമാക്കി 2009 ല്‍ ദല്‍ഹി ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. ദേശീയ തലസ്ഥാനത്ത് 1997 ലായിരുന്നു കൂട്ടബലാത്സംഗം. അവശേഷിക്കുന്ന ശിക്ഷ അനുഭവിക്കുന്നതിന്  പ്രതികളോട് നാലാഴ്ചക്കകം കീഴടങ്ങാന്‍ സുപ്രീം കോടതി ഉത്തരവായി.
ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചാല്‍ അതിനു വഴങ്ങാതിരിക്കാന്‍ ലൈംഗികവൃത്തിയില്‍ ഏര്‍പ്പെട്ട സ്ത്രീക്കു പോലും അവകാശമുണ്ടെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് ആര്‍. ബാനുമതി, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹോക്കോടതി ഉത്തരവിനെ വിമര്‍ശിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. നാലു പേരെ തെറ്റായി പ്രതിചേര്‍ത്തുവെന്ന് ആരോപിച്ചാണ് കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയത്. ഇവര്‍ക്കെതിരെ തെറ്റായി കേസെടുത്ത മൂന്ന് പോലീസുകാര്‍ക്കെതിരെ നിയമനടപടി ആരംഭിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

 

Latest News