ന്യൂദല്‍ഹി- അധ്യാപിക കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനേയും മോഡലായ കാമുകിയേയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ദല്‍ഹി പ്രാന്തപ്രദേശമായ ബവാനയില്‍ മൂന്ന് ദിവസം മുമ്പാണ് അധ്യാപിക സുനിത (38) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മന്‍ജീത് (38), കാമുകിയെന്ന് കരുതുന്ന ഏഞ്ചല്‍ ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്. ഏഞ്ചലിന്റെ പിതാവ് രാജീവിനേയും കസ്റ്റിഡിയിലെടുത്തിട്ടുണ്ട്.
മോഡലായി ജോലി ചെയ്യുന്ന ഏഞ്ചലുമായുള്ള ബന്ധം ചോദ്യം ചെയ്തതിനാലാണ് രണ്ടു പേരും ചേര്‍ന്ന് സുനിതയെ വകവരുത്തിയതെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ രജ്‌നീഷ് ഗുപ്ത പറഞ്ഞു. ആരാണ് അധ്യാപികക്കുനേരെ നിറയൊഴിച്ചതെന്ന് പോലീസ് വെളിപ്പെടുത്തിയില്ല.
ക്വട്ടേഷന്‍ സംഘമാണ് വെടിവെച്ചു കൊലപ്പെടുത്തിയതെന്ന നിഗമനത്തില്‍ ആ വഴിക്കും പോലീസ് അന്വേഷിക്കുകയാണെന്ന് പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഹരിയാന സോനിപ്പത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ അധ്യാപികയായ സുനിത തിങ്കളാഴ്ച രാവിലെയാണ് കൊല്ലപ്പെട്ടത.് വെടിയേറ്റ് അബോധാവസ്ഥയിലായ സ്ത്രീയെ കുറിച്ചും തോക്കുമായി നില്‍ക്കുന്ന ഘാതകനെ കുറിച്ചും വഴിയാത്രക്കാരനാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചത്. ബാഗും സെല്‍ഫേണും പണവുമൊന്നും നഷ്ടപ്പെടാത്തതിനാല്‍ കവര്‍ച്ചാ ശ്രമമല്ല കൊലപാതകത്തിനുപിന്നിലെന്ന് സ്ഥിരീകരിക്കാന്‍ പോലീസിനു സാധിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവും കാമുകിയും അറസ്റ്റിലായത്.






