Sorry, you need to enable JavaScript to visit this website.

റഫാല്‍ മറവില്‍ അംബാനിയുടെ മറ്റൊരു കടലാസ് കമ്പനിയില്‍ ദാസോ നിക്ഷേപിച്ചത് 333 കോടി രൂപ

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഴിമതി ആരോപണത്തില്‍ മുക്കിയ റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ മറ്റൊരു കടലാസ് കമ്പനി കൂടി കോടികള്‍ നിക്ഷപമായി സ്വീകരിച്ച രേഖകള്‍ പുറത്തു വന്നു. ഫ്രാന്‍സുമായി ഇന്ത്യ റഫാല്‍ പോര്‍വിമാന കരാര്‍ ഒപ്പിടുന്നതിനു പത്തു ദിവസം മുമ്പ് മാത്രം തട്ടിക്കൂട്ടിയ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് ഇന്ത്യയില്‍ വിമാന നിര്‍മ്മാണ കരാര്‍ ലഭിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനു മുമ്പാണ് അംബാനിയുടെ മറ്റൊരു നിഷ്‌ക്രിയ കമ്പനി കൂടി ലാഭം കൊയ്ത വിവരം പുറത്തു വരുന്നത്. റഫാല്‍ പോര്‍വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷന്‍ അംബാനിയുടെ റിലയന്‍സ് എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് (ആര്‍.എ.ഡി.എല്‍) എന്ന കമ്പനിയില്‍ 333 കോടി രൂപ 2017ല്‍ നിക്ഷേപിച്ചതായി സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നതായി ദി വയര്‍ റിപോര്‍ട്ട് ചെയ്തു. റഫാല്‍ കരാര്‍ ഒപ്പിട്ടതിനു ശേഷമാണ് ഈ നിക്ഷേപം. ലാഭം വട്ടപ്പൂജ്യമായ നഷ്ടത്തിലോടുന്ന ഈ കമ്പനി ഈ നിക്ഷേപത്തെ 284 കോടി രൂപയുടെ ലാഭമാക്കി മാറ്റി വമ്പന്‍ തിരിമറിയാണ് നടത്തിയത്.

അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനി  തങ്ങള്‍ക്ക് റിലയന്‍സ് എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സ് ലിമിറ്റഡിലുള്ള 34.7 ശതമാനം ഓഹരി ദാസോ ഏവിയേഷനും വിറ്റെന്നാണ് രേഖകളിലുള്ളത്. ഇത് ദാസോ രേഖകളിലുമുണ്ട്. ഈ ഇടപാടിലൂടെയാണ് ആര്‍.എ.ഡി.എല്‍ എന്ന കടലാസു കമ്പനി 284 കോടി രൂപയുടെ ലാഭമുണ്ടാക്കിയത്. 

ആര്‍.എ.ഡി.എല്‍ ഓഹരികളുടെ വില നിര്‍ണയിച്ചത് ഏതു മാനദണ്ഡപ്രകാരമാണെന്നോ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത ഒരു കമ്പനിയില്‍ വിദേശ കമ്പനിയായ ദാസോ ഇത്രയും വലിയ നിക്ഷേപം നടത്തിയത് എന്തിനെന്നോ വ്യക്തമല്ല. ഈ കമ്പനിക്ക് ലാഭമായി ഒരു ചില്ലിക്കാശ് പോലും ബാക്കിയില്ലെന്നു മാത്രമല്ല ദാസോയുടെ പ്രവര്‍ത്തനവുമായി ഒരു ബന്ധവുമില്ലാത്ത കമ്പനിയുമാണിത്. ഈ ഇടപാടിന്റെ വ്യവസ്ഥകളും അജ്ഞാതമായി തുടരുകയാണ്. ഒരു ഓഹരിക്ക് 10 രൂപ മുഖ വില കണക്കാക്കി 24,83,923 ഓഹരികളാണ് ദാസോ വാങ്ങിയത്. ഇതുവഴി ലാഭം 284 കോടി രൂപയും. 

2017 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 10.35 ലക്ഷം രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ കമ്പനിയാണ് റിലയന്‍സ് എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സ്. വരുമാനം വെറും ആറ് ലക്ഷം രൂപയും. തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷം ഒമ്പത് ലക്ഷം രൂപ നഷ്ടം സംഭവിച്ചപ്പോള്‍ നയാ പൈസ വരുമാനം ലഭിച്ചില്ല. 2009ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ കമ്പനിക്ക് 63 കോടി രൂപയുടെ വിമാനത്താവള വികസന കരാര്‍ നല്‍കിയിരുന്നെങ്കിലും ഇതിന്റെ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല. തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ കരാര്‍ അവസാനിപ്പിക്കുന്നത് പരിഗണിക്കുകയായിരുന്നു. ഇതിനിടെ 2015 ഓഗസ്റ്റില്‍ റിലയന്‍സ് എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സിന്റെ സഹസ്ഥാപനമായ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ അപേക്ഷ പ്രകാരം നാഗ്പൂരില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇവര്‍ക്ക് 289 ഏക്കര്‍ സ്ഥലം അനുവദിച്ചു. ഇതിനു മാസങ്ങല്‍ക്ക് മുമ്പാണ് റഫാല്‍ കരാര്‍ ഒപ്പിട്ടത്. 

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറൊനോട്ടിക്‌സിനെ തഴഞ്ഞ് റിലയന്‍സിന്റെ കടലാസു കമ്പനിക്ക് റഫാല്‍ ഇടപാടില്‍ ഇടം കൊടുത്തതിന് പഴി കേട്ടു കൊണ്ടിരുന്ന മോഡി സര്‍ക്കാര്‍ റിലയന്‍സിന്റെ പുതിയ കടലാസ് കമ്പനി റഫാല്‍ മറവിലുണ്ടാക്കിയ ലാഭക്കണക്ക് പുറത്തു വന്നതോടെ വെട്ടിലായിരിക്കുകയാണ്. സര്‍ക്കാര്‍ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
 

Latest News