Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ക്ലാസിൽ വിദ്യാർഥിയെ മർദിച്ച അധ്യാപകനെ പിരിച്ചുവിട്ടു

അബഹയിലെ സ്വകാര്യ സ്‌കൂൾ ക്ലാസിൽ അധ്യാപകൻ വിദ്യാർഥിയെ മർദിക്കുന്നതിന്റെ വീഡിയോ ക്ലിപ്പിംഗിൽനിന്ന്.

അബഹ- സ്വകാര്യ സ്‌കൂളിൽ വിദ്യാർഥിയെ മർദിച്ച അധ്യാപകനെ പിരിച്ചുവിട്ട് നിയമ നടപടികൾ സ്വീകരിക്കുന്നതിന് അന്വേഷണ കമ്മിറ്റി ശുപാർശ ചെയ്തതായി അസീർ വിദ്യാഭ്യാസ വകുപ്പ് വക്താവ് മുഹമ്മദ് അൽഫൈഫി അറിയിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ രണ്ടാം ടേമിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് കമ്മിറ്റി ഇന്നലെ രാവിലെ സ്‌കൂൾ സന്ദർശിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. വിദ്യാർഥിയെ മർദിച്ചതായി ഈജിപ്തുകാരനായ അധ്യാപകൻ സമ്മതിച്ചിട്ടുണ്ട്. ക്ലാസിൽ അച്ചടക്ക രാഹിത്യം കാണിച്ചതിനാണ് വിദ്യാർഥിയെ മർദിച്ചതെന്ന് അധ്യാപകൻ പറഞ്ഞു. അധ്യാപകൻ വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ചിത്രീകരിച്ച സഹപാഠിക്കെതിരായ കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുന്നതിനും അന്വേഷണ കമ്മിറ്റി ശുപാർശ ചെയ്തതായി മുഹമ്മദ് അൽഫൈഫി പറഞ്ഞു. 
അധ്യാപകൻ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് അസീർ ഗവർണർ ഫൈസൽ ബിൻ ഖാലിദ് രാജകുമാരൻ ഉത്തരവിട്ടിരുന്നു. അബഹയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്‌കൂളിൽ ക്ലാസിൽ അധ്യാപകൻ വിദ്യാർഥിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തർക്കുത്തരം പറഞ്ഞ വിദ്യാർഥിയെ അധ്യാപകൻ തുടരെത്തുടരെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വിദ്യാർഥിയുടെ മുതുകിലും മുഖത്തും അധ്യാപകൻ അടിക്കുന്നുണ്ട്. ഈ സമയം ക്ലാസിലുണ്ടായിരുന്ന വിദ്യാർഥികളിൽ ഒരാളാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ രഹസ്യമായി ചിത്രീകരിച്ചത്. 
വീഡിയോ ക്ലിപ്പിംഗ് ശ്രദ്ധയിൽ പെട്ടാണ് സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തുന്നതിന് ഗവർണർ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയത്. തുടർ നടപടികൾ സ്വീകരിക്കുന്നതിന് അന്വേഷണ റിപ്പോർട്ട് ഗവർണറേറ്റിന് സമർപ്പിക്കണമെന്നും ഫൈസൽ ബിൻ ഖാലിദ് രാജകുമാരൻ നിർദേശിച്ചു. യാഥാർഥ്യങ്ങൾ പുറത്തു കൊണ്ടുവരുന്നതിനും നിയമ ലംഘകരെ നിലക്കു നിർത്തുന്നതിനും നിയമ വിരുദ്ധ പ്രവൃത്തികൾ അവസാനിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് അസീർ ഗവർണറേറ്റ് വക്താവ് സഅദ് ആലു സാബിത് പറഞ്ഞു. സ്വകാര്യ സ്‌കൂളായാലും, സർക്കാർ സ്‌കൂളായാലും ഇത്തരം പ്രവൃത്തികൾ അംഗീകരിക്കില്ല. അധ്യാപകരുടെ പദവിക്കും സ്‌കൂളുകളുടെ സൽപേരിനും അപകീർത്തിയുണ്ടാക്കുന്ന നിയമ വിരുദ്ധമായ ഇത്തരം പ്രവൃത്തികൾ ഉണ്ടാകാതിരിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കണമെന്ന് ഗവർണറേറ്റ് വക്താവ് ആവശ്യപ്പെട്ടു.വിദ്യാഭ്യാസ മന്ത്രി ഡോ.അഹ്മദ് അൽഈസയും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ കമ്മിറ്റി ഇന്നലെ സ്‌കൂൾ സന്ദർശിച്ച് അധ്യാപകർ അടക്കമുള്ളവരുടെ മൊഴികളെടുത്താണ് തുടർ നടപടികൾ ശുപാർശ ചെയ്തത്. അതേസമയം, സംഭവം കഴിഞ്ഞ വർഷം നടന്നതാണെന്ന് അബഹയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഇന്റർനാഷണൽ സ്‌കൂൾ ഡയറക്ടർ മുഹമ്മദ് അൽസഹ്‌റാനി പറഞ്ഞു. സ്‌കൂൾ അഡ്മിനിസ്‌ട്രേഷൻ ഇതേ കുറിച്ച് അറിഞ്ഞിരുന്നില്ല. പ്രശ്‌നം ആരെയും അറിയിക്കാതെ അധ്യാപകനും വിദ്യാർഥിയും തമ്മിൽ രമ്യമായി പരിഹരിക്കുകയായിരുന്നു. വീഡിയോ ക്ലിപ്പിംഗ് പ്രചരിച്ച പശ്ചാത്തലത്തിൽ അധ്യാപകനെതിരെ സ്‌കൂൾ അഡ്മിനിസ്‌ട്രേഷൻ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Latest News