ബംഗളൂരു- കർണാടക നിയമസഭയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി. മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയുടെ ഭാര്യ മത്സരിക്കുന്ന രാമനഗര മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി പിൻവാങ്ങി. തെരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം ശേഷിക്കെയാണ് ബി.ജെ.പി സ്ഥാനാർഥിയുടെ അപ്രതീക്ഷിത പിൻവാങ്ങൽ. കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയാണ് ഇവിടെ ജെ.ഡി.എസ്-കോൺഗ്രസ് സഖ്യത്തിന്റെ സ്ഥാനാർഥി. ബി.ജെ.പിക്ക് വേണ്ടി കോൺഗ്രസ് മുൻ നേതാവ് എൽ. ചന്ദ്രശേഖർ ആയിരുന്നു ബി.ജെ.പി സ്ഥാനാർഥി. ബി.ജെ.പിക്കിടയിൽ ഐക്യമില്ലെന്നും ആരും തന്നെ പിന്തുണക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ ചന്ദ്രശേഖർ മാതൃസംഘടനയായ കോൺഗ്രസിലേക്ക് തന്നെ തിരിച്ചുപോകുകയാണെന്ന് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കുമാരസ്വാമിക്കെതിരെ കടുത്ത വിമർശനം ചന്ദശേഖർ ഉയർത്തിയിരുന്നു. തന്നെ തെരഞ്ഞെടുത്ത ജനങ്ങളെ വഞ്ചിച്ചാണ് ഈ മണ്ഡലത്തിലെ ജനപ്രാതിനിധ്യം കുമാരസ്വാമി ഉപേക്ഷിച്ചത് എന്നായിരുന്നു ചന്ദ്രശേഖറിന്റെ വാദം. ചന്നപ്പട്ടണ, രാമനഗര മണ്ഡലങ്ങളിൽനിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട കുമാരസ്വാമി രണ്ടിടത്തും ജയിക്കുകയായിരുന്നു. കുമാരസ്വാമിയുടെ ജനപ്രീതി അളക്കുന്ന തെരഞ്ഞെടുപ്പായാണ് രാമനഗറിലേത് കണക്കാക്കിയിരുന്നത്. ഇതിലാണ് ബി.ജെ.പിക്ക് അടിപതറിയിരിക്കുന്നത്.