താഴ്ചയിലേക്കു മറിഞ്ഞ് മരത്തില്‍ തങ്ങിയ കാറിനുള്ളില്‍ മധ്യവയസ്‌ക്ക കിടന്നത് ആറു ദിവസം; ഭാഗ്യം തുണയായത് ഇങ്ങനെ

വാഷിങ്ടണ്‍- യുഎസിലെ അരിസോണയില്‍ ഹൈവേയില്‍ നിന്ന് നിയന്ത്രണം വിട്ട് കൈവരികള്‍ തകര്‍ത്ത് 50 അടി താഴ്ച്ചയിലേക്കു മറിഞ്ഞ് ഒരു മരത്തില്‍ തങ്ങിക്കിടന്ന കാറിനുള്ളില്‍ ആറു ദിവസങ്ങളോളം കുടുങ്ങിക്കിടന്ന 53-കാരിയെ പോലീസ് രക്ഷിച്ചു. ദേശീയ പാത 60ല്‍ വിക്കന്‍ബര്‍ഗിനു സമീപം കാറിന്റെ നിയന്ത്രണം വിട്ട് റോഡരികിലെ കൈവരികള്‍ തകര്‍ത്താണ് കാര്‍ 50 അടി താഴ്ച്ചയിലേക്കു പതിച്ചത്. ഒക്ടോബര്‍ 12നാണ് അപകടം നടന്നതെന്ന് കഴിഞ്ഞ ദിവസം അരസോണ പബ്ലിക് സേഫ്റ്റി വകുപ്പ് പുറത്തുവിട്ട കുറിപ്പില്‍ അറിയിച്ചു. പോലീസ് ഉള്‍പ്പെടെ ആരും അറിയാതെ പോയ ഈ അപകടം ദിവസങ്ങള്‍ പിന്നിട്ട ശേഷം ഹൈവെ സുരക്ഷാ വിഭാഗം യാദൃശ്ചികമായാണ് അറിയുന്നത്. അപകടം കണ്ടവര്‍ ആരുമുണ്ടായിരുന്നില്ല.

അപകടം നടന്ന സ്ഥലത്തിനു സമീപം ഹൈവേയിലേക്കു കയറിയ തെരുവു കാലിയെ പിടികൂടാന്‍ ഹൈവെ പരിപാലന ജീവനക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് റോഡിന്റെ കൈവരികള്‍ വാഹനമിടിച്ചു തകര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഇവിടെ ചെന്നു നോക്കുമ്പോള്‍ ഒരു കാര്‍ താഴെ മരത്തില്‍ തങ്ങിക്കിടക്കുന്നത് കാണുകയായിരുന്നു. തുടര്‍ന്ന് ഇവിടെ ഇറങ്ങി നടത്തിയ പരിശോധനയില്‍ കാറിനുള്ളില്‍ ആരേയും കണ്ടില്ല. എന്നാല്‍ കാറിനു സമീപത്തു നിന്നും തൊട്ടടുത്ത നദിക്കരയിലേക്ക് പോയതായി മനുഷ്യന്റെ കാല്‍പ്പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതാണ് നിര്‍ണായകമായത്. ഈ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നു പോയപ്പോള്‍ അര കിലോമീറ്ററോളം അപ്പുറത്ത് ഒരു സ്ത്രീ പരിക്കേറ്റ് അവശയായി അര്‍ദ്ധബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു.

ആറു ദിവസത്തോളം കാറിനുളളില്‍ കുടുങ്ങിക്കിടന്ന താന്‍ ഒരു വിധം പുറത്തിറങ്ങി ആരെയെങ്കിലും കാണാനാകുമെന്ന പ്രതീക്ഷിയിലാണ് നടന്നത്. എന്നാല്‍ അവശതമൂലം വഴിയില്‍ വീഴുകയായിരുന്നു. പിന്നീട് എഴുന്നേല്‍ക്കാല്‍ കഴിഞ്ഞില്ലെന്ന് ഇവര്‍ പറഞ്ഞു.
 

Latest News