റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സര്‍ക്കാരിനെ അനുസരിക്കണം; ഇല്ലെങ്കില്‍ രാജിവെക്കണമെന്ന് ആര്‍.എസ്.എസ്

ന്യൂദല്‍ഹി- സാമ്പത്തിക വളര്‍ച്ചയെ പിന്തുണച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശങ്ങള്‍ മാനിക്കണമെന്നും ഇല്ലെങ്കില്‍ രാജിവെക്കണമെന്നും ആര്‍.എസ്.എസ് സാമ്പത്തികകാര്യ വിഭാഗം മേധാവി അശ്വനി മഹാജന്‍. ഭിന്നതകള്‍ പരസ്യമാക്കുന്നതില്‍ നിന്ന് ആര്‍.ബി.ഐ ഉദ്യോഗസ്ഥരെ ഗവര്‍ണര്‍ തടയണം. അച്ചടക്കം പാലിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിനു നല്ലത് രാജിവെക്കുകയാണ്-അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മാതൃസംഘടനയായ ആര്‍.എസ്.എസിന്റെ സാമ്പത്തിക കാര്യ വിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ച് അധ്യക്ഷനാണ് മഹാജന്‍. 

കേന്ദ്ര സര്‍ക്കാര്‍ ആര്‍.ബി.ഐ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടത് ഇരുകൂട്ടര്‍ക്കുമിടയില്‍ കടുത്ത ഭിന്നത ഉണ്ടാക്കിയിട്ടുണ്ട്. ഇതു പരസ്യമായതിനു പിന്നാലെയാണ് ഊര്‍ജിത് പട്ടേല്‍ മേധാവി പദം രാജിവെക്കാനൊരുങ്ങിയതായി റിപോര്‍ട്ടുകള്‍ വന്നത്. കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ കൈക്കടത്തുന്നത് വലിയ ദുരന്തത്തില്‍ കലാശിക്കുമെന്ന ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരള്‍ ആചാര്യയുടെ മുന്നറിയിപ്പോടെയാണ് പോര് രൂക്ഷമായത്. പൊതുതെരഞ്ഞെടുപ്പിനു മുമ്പായി റിസര്‍വ് ബാങ്കില്‍ സമ്മര്‍ദ്ദം ചെലുത്തി നയങ്ങളില്‍ മാറ്റം വരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്‍െ നീക്കങ്ങളെ റിസര്‍വ് ബാങ്ക് പ്രതിരോധിച്ചതാണ് പ്രശ്‌നത്തിന്റെ കാരണം. ആര്‍.ബി.ഐയെ വരുതിയില്‍ നിര്‍ത്താന്‍ ഇതുവരെ പ്രയോഗിക്കപ്പെടാത്ത നിയമാധികാരം കേന്ദ്ര സര്‍ക്കാര്‍ എടുത്തു പ്രയോഗിച്ചതായും റിപോര്‍ട്ടുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഈയിടെ ആര്‍.ബി.ഐ ഗവര്‍ണര്‍ക്കയച്ച പല കത്തുകളും ഈ പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നുവെന്ന് ഇക്കണൊമിക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.
 

Latest News