ഒമ്പതു മാസത്തിനിടെ പൊതുവരുമാനം 66,311 കോടി റിയാൽ
റിയാദ് - ഈ വർഷം മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം പൊതുവരുമാനത്തിൽ 47 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു. മൂന്നാം പാദാവസാനത്തോടെ പൊതുവരുമാനം 66,311 കോടി റിയാലായി ഉയർന്നു. മൂന്നാം പാദത്തിലെ മാത്രം പൊതുവരുമാനം 22,326 കോടി റിയാലാണ്. കഴിഞ്ഞ വർഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം മൂന്നാം പാദത്തിൽ പൊതുവരുമാനത്തിൽ 57 ശതമാനം വളർച്ച രേഖപ്പെടുത്തി. ആദ്യത്തെ ഒമ്പതു മാസത്തിനിടെ പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം 21,105 കോടി റിയാലായി ഉയർന്നു. ഇത് കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് 48 ശതമാനം കൂടുതലാണ്. മൂന്നാം പാദത്തിൽ പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം 6931 കോടി റിയാലാണ്. ഇത് കഴിഞ്ഞ വർഷത്തെ മൂന്നാം പാദത്തെ അപേക്ഷിച്ച് 45 ശതമാനം കൂടുതലാണ്. ഈ വർഷം ആദ്യത്തെ മൂന്നു പാദങ്ങളിൽ പെട്രോൾ വരുമാനം 45,206 കോടി റിയാലായി ഉയർന്നു. ഇത് കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് 47 ശതമാനം കൂടുതലാണ്. മൂന്നാം പാദത്തിൽ പെട്രോൾ വരുമാനത്തിൽ 63 ശതമാനം വർധന രേഖപ്പെടുത്തി. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പെട്രോൾ വരുമാനം 15,395 കോടി റിയാലാണ്.
മൂന്നാം പാദത്തിലെ പൊതുധന വിനിയോഗം 23,054 കോടി റിയാലാണ്. ഇത് കഴിഞ്ഞ വർഷം മൂന്നാം പാദത്തെ അപേക്ഷിച്ച് 21 ശതമാനം കൂടുതലാണ്. ജനുവരി ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള ഒമ്പതു മാസക്കാലത്ത് ആകെ പൊതു ധനവിനിയോഗം 71,209 കോടിയാണ്. ഇത് ഈ വർഷത്തെ ബജറ്റിൽ കണക്കാക്കിയ പൊതു ധനവിനിയോഗത്തിന്റെ 73 ശതമാനമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം ആദ്യ മൂന്നു പാദത്തിൽ പൊതു ധനവിനിയോഗത്തിൽ 52 ശതമാനം വർധനവുണ്ട്. മൂന്നാം പാദത്തിലെ ബജറ്റ് കമ്മി 728.7 കോടി റിയാലും ആദ്യ മൂന്നു പാദങ്ങളിലെ ആകെ കമ്മി 4897.7 കോടി റിയാലുമാണ്. കഴിഞ്ഞ വർഷം ആദ്യത്തെ മൂന്നു പാദങ്ങളിൽ ബജറ്റ് കമ്മി 12,145 കോടി റിയാലും കഴിഞ്ഞ വർഷം ആകെ ബജറ്റ് കമ്മി 19,465.7 കോടി റിയാലുമായിരുന്നു.
സെപ്റ്റംബർ അവസാനത്തോടെ പൊതുകടം 54,951 കോടി റിയാലായി ഉയർന്നു. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം പൊതുകടം 44,325 കോടിയായിരുന്നു. പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിനും പൊതു ധനവിനിയോഗ കാര്യക്ഷമത ഉയർത്തുന്നതിനും നടപ്പാക്കിയ പദ്ധതികൾ വിജയിച്ചതിന്റെ ഫലമായി ധന അച്ചടക്കം ശ്രദ്ധേയമായ നിലക്ക് മെച്ചപ്പെട്ടെന്നും കമ്മി പടിപടിയായി കുറഞ്ഞെന്നുമാണ് മൂന്നാം പാദത്തിലെ ബജറ്റ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. ബജറ്റ് കമ്മി ശ്രദ്ധേയമായി കുറയുകയും പെട്രോൾ, പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം ശ്രദ്ധേയമായി വർധിക്കുകയും ചെയ്തിട്ടുണ്ട്. സിറ്റിസൺ അക്കൗണ്ട്, വർധിച്ച ജീവിതച്ചെലവ് നേരിടുന്നതിനുള്ള അലവൻസ് എന്നിവ അടക്കമുള്ള വ്യത്യസ്ത സാമൂഹിക പദ്ധതികൾക്കുള്ള വർധിച്ച ധനവിനിയോഗം, പശ്ചാത്തല വികസന പദ്ധതികൾക്കുള്ള മൂലധന വിനിയോഗത്തിലെ വർധന എന്നിവ അടക്കം പൊതു ധനവിനിയോഗം വർധിച്ചിട്ടും ഈ വർഷം മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. സാമ്പത്തിക പരിഷ്‌കരണങ്ങൾ തുടരാൻ പ്രചോദനമാണ് ഈ കണക്കുകൾ.
സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഫലം ഈ വർഷം കൂടുതലായി ലഭിക്കാൻ തുടങ്ങിയിട്ടുണ്ട്. വരുമാനം ഉയർത്തിയും പൊതു ധനവിനിയോഗ കാര്യക്ഷത മെച്ചപ്പെടുത്തിയും സാമ്പത്തിക വളർച്ചക്കുള്ള പ്രോത്സാഹനങ്ങൾ തുടർന്നും മിച്ചവും കമ്മിയുമില്ലാത്ത ബജറ്റ് എന്ന ധനസന്തുലന പദ്ധതി ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് രാജ്യം. ബജറ്റ് കണക്കുകൾ നൽകുന്ന അനുകൂല സൂചനകൾക്കിടെയും സാമ്പത്തിക വെല്ലുവിളികൾ നിലവിലുണ്ട്. സാമ്പത്തിക പരിഷ്‌കരണങ്ങളുമായി ശക്തമായി മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.






