തലസ്ഥാനത്ത് പ്ലാസ്റ്റിക് ഫാക്ടറി കത്തി;  വിഷപ്പുകയേറ്റ് ഒരാൾ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം- മൺവിളയിലെ പ്ലാസ്റ്റിക് നിർമാണ ഫാക്ടറിയിൽ വൻ തീപ്പിടിത്തം. ഫാമിലി പ്ലാസ്റ്റിക്കിന്റെ നിർമാണ യൂണിറ്റിനാണ് തീപ്പിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. അപകടത്തിൽ ആളപായമില്ല. എന്നാൽ വിഷപ്പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിഷപ്പുക ശ്വസിച്ച് അവശ നിലയിലായ ജയറാം രഘു (18) എന്ന യുവാവിനെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 
രണ്ട് ദിവസം മുമ്പ് ഇതേ ഗോഡൗണിൽ തീപ്പിടിച്ചിരുന്നു. അന്ന് അഞ്ച് ഫയർ എൻജിനുകൾ എത്തിയാണ് തീയണച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വീണ്ടും തീപ്പിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമല്ലാത്ത വിധം പടർന്ന് പിടിച്ചതോടെ അഗ്നിശമന സേനാ അംഗങ്ങൾ പ്രദേശത്ത് നിന്ന് സമീപവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്. അഗ്‌നിശമന സേന തീയണക്കുന്നതിനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്. 
തീ അണക്കുന്നതിനായി ജില്ലയിലെ എല്ലാ ഫയർ സ്റ്റേഷനിലെയും എൻജിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം വിമാനത്താവളത്തിലെ ഫയർ എഞ്ചിനുകൾ സംഭവ സ്ഥലത്തേക്ക് എത്തി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഡി.സി.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. നിർമാണ യൂണിറ്റിനുള്ളിൽ ഗ്യാസ് സിലിണ്ടർ അടക്കമുള്ളവ ഉണ്ടായതിനാൽ പോലീസ് ആളുകളെ അങ്ങോട്ട് കടത്തിവിടുന്നില്ല. ഫാക്ടറിക്കടുത്തു കൂടിയുള്ള വാഹന ഗാതഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്. നിർമാണ യൂണിറ്റ് മുഴുവനായും കത്തി നശിച്ചിട്ടുണ്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയർ വി.കെ.പ്രശാന്തും സ്ഥലത്തെത്തി.
 

Latest News