മഅ്ദനിയോട് കടുത്ത അനീതി -സോളിഡാരിറ്റി

ബംഗളൂരു- അര്‍ബുദ രോഗം മൂര്‍ഛിച്ച മാതാവിനെ സന്ദര്‍ശിക്കാന്‍ അനുമതി തേടിയ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയോട് കടുത്ത അനീതിയാണ് ജുഡീഷ്യറി വെച്ചുപുലര്‍ത്തുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സ്വാലിഹ് പ്രസ്താവിച്ചു. മഅ്ദനി കേരളത്തിലേക്ക് തിരിക്കുന്നതിനു മുമ്പ് അദ്ദേഹത്തെ ബംഗളൂരുവില്‍ സന്ദര്‍ശിച്ച ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ആറു മാസത്തിനകം മഅ്ദനിയുടെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് തീര്‍പ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നിട്ടും തെറ്റായ ന്യായങ്ങള്‍ നിരത്തി രോഗിയായ മഅ്ദനിയെ നിയമക്കുരുക്കില്‍ അകപ്പെടുത്തി അനന്തമായി ജയിലില്‍ പാര്‍പ്പിക്കാനാണ് മുതിരുന്നത് .
മാധ്യമങ്ങളോടും രാഷ്ട്രീയ പ്രവര്‍ത്തകരോടും സംസാരിക്കരുതെന്നാണ് കോടതി പറയുന്നത്. ഇത് ജനാധിപത്യ വിരുദ്ധമായ ഉപാധിയാണ്.
അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നിരിക്കെ മഅ്ദനിയുടെ കേരള സന്ദര്‍ശനം ബോധപൂര്‍വം കോടതി അലക്ഷ്യമായി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ജനാധിപത്യ പ്രതികരണങ്ങള്‍ ഉയര്‍ന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍, സെക്രട്ടറി ജമാല്‍ പാനായിക്കുളം, സാദിഖ് ഉളിയില്‍, രഹനാ ഉസ്മാന്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

 

Latest News