ജിദ്ദ- സ്‌കൂളിൽ നിന്ന് ഒളിച്ചോടിയ വിദ്യാർഥിനിയെ ഇരുട്ടുമൂടിയ ഒഴിഞ്ഞ സ്ഥലത്ത് പരിക്കേറ്റ് കിടക്കുന്ന നിലയിൽ കണ്ടെത്തി. ഇന്റർമീഡിയറ്റ് വിദ്യാർഥിനിയായ പതിനാലുകാരിയുടെ കൈകളിലാണ് പരിക്കുകളുള്ളത്. ഇതേ കുറിച്ച് സുരക്ഷാ ഭടന്മാർ ആരാഞ്ഞതോടെ ബോധരഹിതയായ വിദ്യാർഥിനിയെ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് നീക്കി. ചൊവ്വാഴ്ച രാത്രി 11 മണിക്കാണ് വിദ്യാർഥിനിയെ ഇരുട്ടുമൂടിയ ഒഴിഞ്ഞ സ്ഥലത്ത് പട്രോൾ പോലീസുകാർ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ സ്‌കൂളിലെത്തിയ വിദ്യാർഥിനി സ്‌കൂൾ ബാഗ് സ്‌കൂളിനകത്ത് ഉപേക്ഷിച്ച് വിദ്യാലയത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതേ കുറിച്ച് പ്രിൻസിപ്പൽ സുരക്ഷാ വകുപ്പുകളെയും ബന്ധുക്കളെയും അറിയിച്ചിരുന്നു. സംഭവത്തെ കുറിച്ച വിശദാംശങ്ങൾ അറിയുന്നതിന് വിദ്യാർഥിനിയെ ചോദ്യം ചെയ്യുന്നതിന് ആരോഗ്യനില മെച്ചപ്പെടുന്നത് പോലീസ് കാത്തിരിക്കുകയാണ്.