വ്യക്തി-കുടുംബ-സാമൂഹ്യ തലങ്ങളിൽ നല്ല ബന്ധങ്ങൾ സൂക്ഷിക്കുന്നവർക്ക് സ്വയം മതിപ്പും ആത്മവിശ്വാസവും വർധിക്കും. അത് ജീവിത വിജയത്തിന് ഏറെ സഹായിക്കും. മാനുഷിക പരിഗണനയും അംഗീകാരവുമാണ് പരസ്പര ബന്ധത്തിന്റെ അടിവേര്. പരിഗണന ഒരു സംസ്‌കാരമാണ്. അതാണ് ബന്ധം ജനിപ്പിക്കുന്നത്. പരസ്പരം പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്താൽ ഏത് ബന്ധവും വളരും. വാക്ക്, പ്രവൃത്തി, ആംഗ്യം, സാമീപ്യം എന്നിവ കൊണ്ട് മറ്റൊരാൾക്ക് സന്തോഷം നൽകുമ്പോഴാണ് ബന്ധങ്ങൾ വളർന്ന് പുഷ്പിക്കുന്നത്. അംഗീകാരത്തിനുള്ള ദാഹം മനുഷ്യന് ജീവിതാവസാനം വരെ ഉണ്ടാകും.
ഒരു വ്യക്തിയുടെ സംസാരം, പെരുമാറ്റം, മനോഭാവം എന്നിവയാണ് ആ വ്യക്തിയെ ഇഷ്ടപ്പെടാൻ നമ്മെ പ്രേരിപ്പിക്കുന്നത്. നല്ല വാക്കും പുഞ്ചിരിയുമാകണം ഓരോ വ്യക്തിയുടെയും മുഖമുദ്ര. ബന്ധങ്ങൾ വളരാനുള്ള ആദ്യ പടിയാണത്. നല്ല സംസാര ശൈലി ബന്ധത്തിന് ആക്കം കൂട്ടും. സംസാരത്തിന് അഞ്ച് ഘടകങ്ങളുണ്ട്. മാന്യത സ്പർശിക്കുന്ന ശബ്ദം, സൗഹാർദ സമീപനം, ലളിതമായ ഭാഷ, സംഭാഷണത്തിൽ ആദരവ്, ക്ഷമ എന്നിവയാണവ. നമ്മുടെ ആശയവിനിമയ ശേഷി, നേതൃപാടവം, ചിന്താശേഷി, മറ്റുള്ളവരുമായി ഒത്തുപോകാനുള്ള കഴിവ് എന്നിവ ബന്ധങ്ങളെ സുദൃഢമാക്കും. സൗമ്യത, മിതത്വം, നിഷ്പക്ഷത, മറ്റുള്ളവരെ മാനിക്കാനും അംഗീകരിക്കാനും അഭിനന്ദിക്കാനുമുള്ള തുറവി, സുവ്യക്തവും നിലവാരമുള്ളതുമായ ഭാഷ എന്നിവ ബന്ധങ്ങളെ വളർത്തും.
ഞാൻ, എനിക്ക് എന്നതിനേക്കാൾ മറ്റുള്ളവർക്ക് മുൻതൂക്കം നൽകുന്ന സമീപനമാണ് ഗുണകരം. വളരെ ഉച്ചത്തിലുള്ള സംസാരം, അപ്രിയ സത്യങ്ങൾ വിളിച്ചുപറയൽ, ഇടയിൽ കയറി സംസാരിക്കൽ, അമിത സ്വാതന്ത്ര്യം കാണിക്കൽ, അമിതാധികാരം കാണിക്കൽ, മറ്റുള്ളവരുടെ ജോലി തടസ്സപ്പെടുത്തൽ, ബഹളം വെയ്ക്കൽ, ബഹുമാനം നൽകാതെയുള്ള സംസാരം, അനാവശ്യ വികാര പ്രകടനങ്ങൾ, കടുംപിടിത്തം, സഭ്യേതരമല്ലാത്ത സംഭാഷണം എന്നിവ ബന്ധങ്ങളെ ഉലയ്ക്കും. സത്യമേത്, നുണയേത് എന്നറിയാതെ ഇവിടെ കേട്ടത് അവിടെയും അവിടെ കേട്ടത് ഇവിടെയും പറയുന്ന ശീലം ഉപേക്ഷിക്കുക. മറ്റാരേയുംകാൾ ഞാനാണ് വലിയവനെന്ന അഹംഭാവം വെറുപ്പ് സൃഷ്ടിക്കും. ഞാൻ പറയുന്നതും ചെയ്യുന്നതും ശരി എന്ന് തർക്കിക്കരുത്. തർക്കിച്ചാൽ ഒരാൾ പരാജയപ്പെടും. പരാജയപ്പെട്ടയാളിൽ വിദ്വേഷം, പക, വെറുപ്പ്, പ്രതികാര ചിന്ത തുടങ്ങിയവ ഉടലെടുക്കും. അതിനാൽ തർക്കം ഒഴിവാക്കി കാര്യങ്ങൾ ധരിപ്പിക്കുന്ന ശൈലി സ്വീകരിക്കണം. (ചല്‌ലൃ മൃഴൗല യൗ േറശരൌ)ൈ മറ്റുള്ളവരിൽ നന്മ കാണുക, അത് പറയുക, പരസ്പരം അഭിനന്ദിക്കുക, പ്രോത്സാഹിപ്പിക്കുക എന്നിവ ജീവിത ശൈലിയാക്കുക.
പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ പ്രശ്‌നപരിഹാര ഭാഗത്ത് നിൽക്കണം. അവരാണ് മാന്യന്മാർ. ഒരു പ്രശ്‌നക്കാരൻ/പ്രശ്‌നക്കാരി എന്ന മേൽവിലാസം ക്ഷണിച്ചുവരുത്തരുത്. ഓരോ വ്യക്തിയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാണ്. ഓരോരുത്തരുടെയും കാഴ്ചപ്പാടും മനോഭാവവും വ്യത്യസ്തമാകും. അതുകൊണ്ട് വ്യത്യസ്തമായ ഒരു അഭിപ്രായം കേൾക്കുമ്പോൾ പൊട്ടിത്തെറിക്കേണ്ടതില്ല. അങ്ങനെയും ഒരു അഭിപ്രായം ഒരാൾക്കുണ്ട് എന്ന് ചിന്തിച്ചാൽ മതി. പ്രശ്‌നപരിഹാര മാർഗങ്ങളാണ് എപ്പോഴും തേടേണ്ടത്. പിടിവാശി ഉപേക്ഷിച്ച് സഹകരണ മനോഭാവത്തോടെ നിലകൊള്ളണം. അനാവശ്യമായി ആരെയും തെറ്റിദ്ധരിക്കാതിരി ക്കുക. കേൾക്കുന്ന എല്ലാ കാര്യങ്ങളും അതുപോലെ വിശ്വസിക്കരുത്. പറയുന്നവർ അവരുടെ നിഗമനവും ചേർത്താവും പറയുക. ചിലർ ശുദ്ധ നുണ പൊടിപ്പും തൊങ്ങലും ചേർത്ത് പ്രചരിപ്പിക്കുന്ന സ്വഭാവക്കാരാണ്. മറ്റുള്ളവരെ മോശക്കാരാക്കുന്നതിൽ ഇത്തരക്കാർക്ക് ഒരു നിഗൂഢ ആനന്ദമുണ്ട്. വിശദമായി അറിയാതെ അനാവശ്യമായി തെറ്റിദ്ധരിക്കാതിരിക്കുക. ആർക്കും മുറിവുകൾ നൽകരുത്. അവഗണിക്കരുത്.
നമ്മുടെ ചെറിയ ചലനങ്ങൾ പോലും മറ്റുള്ളവർ നിരീക്ഷിച്ച് വിലയിരുത്തുന്നുണ്ട്. മര്യാദയോടെ, വിനയത്തോടെ പെരുമാറാൻ ശീലിക്കണം. പോസിറ്റീവ് എനർജി നൽകുന്ന വാക്കുകളും പ്രസാദാത്മകമായ ശൈലിയും വേണം. നമ്മുടെ ചിന്തകളാണ് വികാരങ്ങളെ നിയന്ത്രിക്കുക. സദ്‌വിചാരങ്ങളാണ് സദ്ചിന്തകളെ വളർത്തുന്നത്. അനാരോഗ്യകരവും യുക്തിരഹിതവും വികലവുമായ ചിന്തകളിൽ മുഴുകരുത്. നന്മക്കായുള്ള ആഗ്രഹം, നന്മ കണ്ടെത്തുന്ന മനോഭാവം, സ്‌നേഹ സമീപനം, പ്രസന്നത, പ്രത്യാശ, ആദർശ ധീരത, ദൃഢനിശ്ചയം, കരുണ, സഹാനുഭൂതി, പ്രചോദിപ്പിക്കുന്ന ശൈലി, പ്രതിബദ്ധത, അർപ്പണ മനോഭാവം, വിജയേഛ, സമഭാവന, മാന്യത, കുലീനത തുടങ്ങിയ സമീപനങ്ങൾ ബന്ധങ്ങൾ വളരാൻ സഹായകമാണ്.
ഓർക്കുക: ബന്ധങ്ങളാണ് ജീവിതത്തിന് അർത്ഥവും മനോഹാരിതയും സമ്മാനിക്കുന്നത്. വില കൊടുത്ത് ബന്ധങ്ങളെ വിജയിപ്പിക്കുക.