Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളീയ നവോത്ഥാന ചരിത്രം; ചില തെറ്റും ശരിയും 

ശരാശരി മലയാളി കേൾക്കാനിഷ്ടമല്ലാത്ത ചില സത്യങ്ങളാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളിലൂടെ പുറത്തു വരുന്നത്. ഇതിൽ ഏറ്റവും പ്രധാന കാര്യം കേരളം നവോത്ഥാനധാര കൈവിട്ടതാണ് തിരിച്ചടികൾക്കു കാരണം എന്ന നിലപാട് ശരിയല്ല എന്നത് തന്നെയാണ്. നവോത്ഥാനത്തിൽ തന്നെയായിരുന്നു പ്രശ്‌നം. അതു തിരുത്താനാണ് ഈ വൈകിയ വേളയിലെങ്കിലും ശ്രമിക്കേണ്ടത്. 

വിവേകാനന്ദൻ ഭ്രാന്താലയമെന്നു വിഷേഷിപ്പിച്ച കേരളത്തെ അത്തരമൊരവസ്ഥയിൽ നിന്നു മാറ്റിയെടുത്തത് നവോത്ഥാന പ്രസ്ഥാനങ്ങളാണെന്ന് പൊതുവിൽ പറയാറുണ്ട്. അതോടൊപ്പം സ്വാതന്ത്ര്യത്തിനു ശേഷം അത്തരമൊരു ധാര മുരടിക്കുകയാണുണ്ടായത്. ആ മുന്നേറ്റങ്ങളെ മൂലധനമാക്കി വളർന്നത് കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. നവോത്ഥാന ധാരയെ കൈവിട്ടതാണെന്ന് ഇപ്പോഴത്തെ ശബരിമല സംഭവങ്ങളടക്കം കേരളം പിറകോട്ടു പോകാൻ കാരണമെന്നാണ് പൊതുവിൽ പറയാറ്. എന്നാൽ ഏറെക്കുറെ എല്ലാവരും അംഗീകരിക്കുന്ന ഈ നിലപാടിനെ ഏതാനും ദളിത് ബുദ്ധിജീവികൾ ചോദ്യം ചെയ്യാറുണ്ട്. ഇപ്പോൾ അവരുട എണ്ണം കൂടുതലാവുകയാണ്. കേരളത്തിന്റെ വേലിയിറക്കത്തിൽ നവോത്ഥാനത്തെ തന്നയാണ് ഇവരിൽ വലിയൊരു ഭാഗം പ്രതിക്കൂട്ടിൽ നിർത്തുന്നത്. 
ദളിത് ചിന്തകനായ ഡോ. കെ. എസ്. മാധവൻ അടുത്തയിടെ ചൂണ്ടിക്കാട്ടിയത് ഇങ്ങനെയാണ്. അയ്യൻകാളിയുടെ വില്ലുവണ്ടി സമരവും പുഞ്ചപ്പാട സമരവും പഞ്ചമിയുടെ വിദ്യാഭ്യാസത്തിനായുള്ള സമരവും ചാന്നാർ സ്ത്രീകളുടെ മാറുമറയ്ക്കൽ സമരവും കൃത്യമായും സവർണ ബ്രാഹ്മണ ശൂദ്ര ജാതി ബോധത്തിനെതിരെയുള്ള പ്രത്യക്ഷ സമരങ്ങൾ ആയിരുന്നു. ആ സമരങ്ങൾ ഒന്നും തന്നെ സവർണ ബ്രാഹ്മണ ശൂദ്ര ആത്മീയതയുടെ ചാണകക്കുണ്ടിൽ തങ്ങൾക്കും പുഴുക്കളെപ്പോലെ ജീവിക്കാനായിരുന്നില്ല. 
അയ്യങ്കാളിയുടെ സമരങ്ങൾ സവർണ സമൂഹത്തിന്റെ ജാതി ബോധങ്ങളെ എതിർത്തുകൊണ്ടായിരുന്നു, അതുമായി യാതൊരുവിധ സന്ധിയും ചെയ്യാതെ ആയിരുന്നു. ആ ധാര പക്ഷേ ദളിതർ കൈവിടുകയായിരുന്നു. മറുവശത്ത് നാരായണ ഗുരുവിന്റെ നയമാകട്ടെ ഹിന്ദുമതത്തെ പ്രത്യക്ഷത്തിൽ എതിർക്കുന്നു എന്ന് തോന്നിപ്പിക്കുമ്പോൾ തന്നെ സവർണ ഹിന്ദുമതത്തിന്റെ ബ്രാഹ്മണ യുക്തികളെ സ്വയം പരിവർത്തനപ്പെടുത്തി ഉപയോഗിക്കുക എന്നതായിരുന്നു. ഹിന്ദുത്വം എല്ലാക്കാലവും മുന്നോട്ടുവെച്ച ബ്രാഹ്മണ്യത്തെ ആശയപരമായി എതിർക്കാൻ ഗുരു ശ്രമിച്ചിരുന്നില്ല. മറിച്ച് അതിൽ തങ്ങൾക്കും പങ്കു വേണമെന്ന ജനാധിപത്യപരമായ ഒരു അവകാശവാദം ഉന്നയിക്കുക മാത്രമാണ് ചെയ്തത് . 
സവർണ ജാതികൾക്കിടയിലുണ്ടായ നവോത്ഥാന മുന്നേറ്റങ്ങളും വ്യത്യസ്തമായിരുന്നില്ല. ഹിന്ദുത്വത്തിന്റെ ചട്ടക്കൂടുകളെ അതേപടി നിലനിർത്തിക്കൊണ്ട് സവർണർക്കിടയിൽ കൂടുതൽ ജനാധിപത്യവും ലിംഗ നീതിയും പേരിനെങ്കിലും കൊണ്ടുവരുവാൻ മാത്രമാണ് അവർ ശ്രമിച്ചതെന്ന് മാധവൻ പറയുന്നു. 
കേരളം ഏറെ കൊട്ടിഘോഷിക്കുന്ന ക്ഷേത്രപ്രവേശന വിളംബരത്തെയും തള്ളിക്കളയുന്ന ദളിതരുടെ എണ്ണം വർദ്ധിക്കുകയാണ്. 
കേരളത്തിലെ പൊതുഹിന്ദു നിർമിതി സാമൂഹിക പരിഷ്‌കരണത്തിന്റെ തുടർച്ചയിൽ ക്ഷേത്ര പ്രവേശനത്തിന് ശേഷം ഉണ്ടായ ഒന്നു മാത്രമാണെന്നവർ പറയുന്നു. 
അത് ഹിന്ദു എന്ന ഒരു പുതിയ മതസമുദായത്തെ കേരളത്തിൽ നിർമിക്കുകയായിരുന്നു. അതിന്റെ അടിത്തറയും ആചാരങ്ങളും  തീർച്ചയായും സവർണത തന്നെയായിരുന്നു. അതോടൊപ്പം. സംവരണം പോലുള്ള ഭരണഘടനാവകാശങ്ങൾ ലഭിക്കണമെങ്കിൽ ഹിന്ദുവായിരിക്കേണ്ടത് ആവശ്യമായിത്തീർത്തു.  അയിത്ത ജാതികളെ ഹിന്ദുവൽക്കരിച്ചത് അങ്ങനെയാണ്. കേരളത്തിലെ ഏറ്റവും വലിയ നവോത്ഥാന പ്രസ്ഥാനത്തെയാണ് പുതുകാല ദളിതർ തള്ളിക്കളയുന്നത്. 
മറ്റൊരു പ്രധാന വിഷയം ആദിവാസികളുമായി ബന്ധപ്പെട്ടതാണ്. ആരംഭത്തിൽ ലിംഗ നീതിയുടെ വിഷയമായി ഉന്നയിക്കപ്പെട്ട ശബരിമല വിഷയം ഇപ്പോൾ പുതിയ തലങ്ങളിലേക്ക് ഉയർന്നല്ലോ. അയ്യപ്പൻ തങ്ങളുടെ സ്വന്തമാണെന്നും ശിവന്റെ തുട പിളർന്നല്ല ഉണ്ടായതെന്നും  ശബരിമലയിലെ പതിനെട്ടു പടികളിലൊന്നിൽ മലയരയൻമാരുടെ ക്ഷേത്രമെന്ന് കൊത്തിവെച്ചിട്ടുണ്ടന്നും മലയരയർ പറയുന്നു. അവരെ അവിടെ നിന്ന് ഓടിക്കുകയായിരുന്നു. ശബരിമലയിലേക്കുള്ള കാനന പാതയിലെ മിക്ക ഇടത്താവളങ്ങളും തങ്ങളുടെ ആരാധനാലയങ്ങൾ ആയിരുന്നെന്നും അവർ പറയുന്നു. ശബരിമലയുടെ ഉടമസ്ഥതയിൽ നിന്നും ആചാരങ്ങളിൽ നിന്നും തങ്ങളെ ആട്ടിപ്പായിക്കുകയായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ മലയര സഭ എത്തുമ്പോൾ അത് കേരള നവോത്ഥാനത്തിലെ പുതിയ ചരിത്രമായിരിക്കും. 
ശബരിമല വിവാദവുമായി ബന്ധപ്പെട്ടുയർന്നു വന്ന മറ്റൊരു പ്രധാന വിഷയം ബൗദ്ധ പാരമ്പര്യത്തിന്റേതാണ്. അക്കാര്യത്തെ കുറിച്ച് പലപ്പോഴും പറയാറുണ്ടെങ്കിലും ഇപ്പോൾ ആധികാരികമായി തന്നെ ഉയർന്നു വന്നു. ശാസ്താവ് എന്ന അയ്യപ്പന്റെ വിശേഷണത്തെ എല്ലാ ആധികാരിക നിഘണ്ടുകളിലും ബുദ്ധന്റെ പര്യായമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അയ്യാ, അയ്യൻ, അയ്യനാർ, അയ്യപ്പൻ എന്നീ ദൈവ സങ്കൽപങ്ങളെല്ലാം 2300 വർഷങ്ങൾക്കു മുൻപ് ബുദ്ധ ധർമ്മത്തെ ഏഷ്യൻ വൻകരയിലാകമാനം പ്രചരിപ്പിച്ച അശോകന്റെ ബോധിസത്വ സങ്കൽപം കൂടി സ്വാംശീകരിച്ചതാണ്. ശബരിമല ഭക്തരുടെ ശരണം വിളിയായ 'സ്വാമി ശരണം അയ്യപ്പ, അയ്യപ്പ ശരണം സ്വാമിയെ ' എന്നത് 'ബുദ്ധം ശരണം ഗച്ചാമി, ധർമം ശരണം ഗച്ചാമി' എന്ന ബൗദ്ധരുടെ ശരണ മന്ത്രങ്ങൾ തന്നെയാണ്. 
ക്ഷേത്രപ്രവേശന വിളംബരത്തിനും നൂറ്റാണ്ടുകൾക്കു മുമ്പേ ഇവിടെ എല്ലാ ജാതി മതസ്ഥർക്കും പ്രവേശനമുണ്ടായിരുന്നു. അതും ബൗദ്ധപാരമ്പര്യമാണ്.  ബൗദ്ധ സത്യങ്ങളുടെ പതിനെട്ടാം പടി ചവിട്ടലും സ്വാമി എന്ന് പരസ്പരം സംബോധന ചെയ്യലും 'തത്വമസി' മന്ത്രവും ബൗദ്ധ പാരമ്പര്യം തന്നെ. 
1931 ൽ പ്രസിദ്ധീകരിച്ച തിരുവിതാംകൂർ സെൻസസ് റിപ്പോർട്ടിൽ പോലും ശബരിമല ശാസ്താവിനെ ബുദ്ധനെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ശബരിമല ശാസ്താ ക്ഷേത്രത്തെ ബൗദ്ധ പഗോഡ എന്നും വിശേഷിപ്പിച്ചിരുന്നു. ഈ പഗോഡ പിൽക്കാലത്ത് ശബരിമല ദേവാലയമായിത്തീർന്നതിനും ആദിവാസി, ഈഴവ സമുദായക്കൾക്ക് ഉണ്ടായിരുന്ന അവകാശങ്ങൾ നഷ്ടപ്പെടുത്തുന്നതിനും ദേവസ്വം ബോർഡ്, പന്തളം മുൻ രാജകുടുംബം, തന്ത്രികൾ എന്നിവർക്കെല്ലാം പങ്കുണ്ട്. ശാസ്താവിൽ അയ്യപ്പൻ ലയിച്ചു എന്ന അധികം പുരാതനമല്ലാത്ത സങ്കൽപമാണ് സവർണ  പുരുഷവൽക്കരണത്തിനായി ഉപയോഗിച്ചത്. 
ചുരുക്കിപ്പറഞ്ഞാൽ ശരാശരി മലയാളി കേൾക്കാനിഷ്ടമല്ലാത്ത ചില സത്യങ്ങളാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളിലൂടെ പുറത്തു വരുന്നത്. ഇതിൽ ഏറ്റവും പ്രധാന കാര്യം കേരളം നവോത്ഥാന ധാര കൈവിട്ടതാണ് തിരിച്ചടികൾക്കു കാരണം എന്ന നിലപാട് ശരിയല്ല എന്നത് തന്നെയാണ്. നവോത്ഥാനത്തിൽ തന്നെയായിരുന്നു പ്രശ്‌നം. അതു തിരുത്താനാണ് ഈ വൈകിയ വേളയിലെങ്കിലും ശ്രമിക്കേണ്ടത്. 
 

Latest News