തിരുവനന്തപുരം- കേരളത്തിൽ കലാപമുണ്ടാക്കാനാണ് ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ നടത്തിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയോ നിയമനിർമാണത്തിന് മുന്നോട്ടുവരികയോ ചെയ്യാതെ കേരളത്തെ കലാപത്തിലേക്ക് നയിക്കുകയാണ് അമിത് ഷാ ചെയ്യുന്നത്. ഇത് തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ട്. ശബരിമലയിൽ നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങൾ നിലനിൽക്കണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. ഇതിനെ അടിച്ചമർത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മൂന്ന് മേഖല റാലികൾ നടത്തും. കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരാണ് യാത്ര നടത്തുക. ഇതിന് പുറമെ കെ. സുധാകരന്റെ നേതൃത്വത്തിൽ സംസ്ഥാന റാലിയും നടക്കും. ശബരിമലയിലെ യുവതി പ്രവേശം സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ അഭിപ്രായപ്രകടനത്തെ മാനിക്കുന്നതായും ജനാധിപത്യപരമായ ഇത്തരം നീക്കങ്ങളെ പിന്തുണക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.






