മൊബൈല്‍ വാങ്ങിയപ്പോള്‍ ലഭിച്ചത് സോപ്പ്; ആമസോണ്‍ ഇന്ത്യാ മേധാവിക്കെതിരെ കേസ്

നോയ്ഡ- മുന്‍നിര ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ആമസോണില്‍ നിന്നും മൊബൈല്‍ ഫോണ്‍ വാങ്ങിയ ഉപഭോക്താവിന് കയ്യില്‍ കിട്ടിയത് മൊബൈലിനു പകരം സോപ്പ്. ഗ്രേറ്റര്‍ നോയ്ഡയിലെ ബിസര്‍ഖ് പോലീസ് സ്റ്റേഷനില്‍ ഉപഭോക്താവ് നല്‍കിയ പരാതിയെ തുടര്‍ന്ന് ആമസേണ്‍ ഇന്ത്യ മേധാവി അമിത് അഗര്‍വാള്‍, ഉല്‍പ്പന്നം വിതരണം ചെയ്ത ദര്‍ശിത പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ പ്രദീപ് കുമാര്‍, രാവിഷ് അഗര്‍വാള്‍, ഡെലിവെറി ബോയി അനില്‍ എന്നീ നാലു പേര്‍ക്കെതിരെ പോലീസ് കേസ് രജിസറ്റര്‍ ചെയ്തു. വിശ്വാസ വഞ്ചന, ഗുഢാലോചനാ തുടങ്ങിയ കുറ്റങ്ങളാണ് വിവിധ ഐ.പി.സി വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ നിയമ നടപടികള്‍ ആരംഭിച്ചതായി പോലീസ് സര്‍ക്കിള്‍ ഓഫീസര്‍ നിശാങ്ക് ശര്‍മ അറിയിച്ചു. ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഒക്ടോബര്‍ 27നാണ് ഉപഭോക്താവിന് ലഭിച്ചത്. പെട്ടു തുറന്നപ്പോള്‍ ഫോണിനു പകരം അതിനുള്ളില്‍ സോപ്പായിരുന്നുവെന്നും പോലീസ് പറഞ്ഞു.

തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതായി ആമസോണ്‍ പ്രതികരിച്ചു. അന്വേഷണത്തില്‍ പോലീസുമായി സഹകരിക്കുമെന്നും തട്ടിപ്പുകള്‍ക്കെതിരെ കമ്പനിക്ക് കര്‍ശന നിലപാടാണുള്ളതെന്നും ആമസോണ്‍ വ്യക്തമാക്കി. തട്ടിപ്പിനിരയായ ഉപഭോക്താവിന് പണം തിരികെ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ആമസോണ്‍ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വിശ്വസ്തരായ ഓണ്‍ലൈന്‍ വ്യാപാര കമ്പനി എന്ന നിലയില്‍ തട്ടിപ്പുകളെ ഗൗരവത്തിലാണ് എടുക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
 

Latest News