വിദേശികള്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്ക് ഇനി യുഎസ് പൗരത്വം നല്‍കില്ല; ട്രംപിന്റെ പുതിയ നീക്കം

വാഷിങ്ടണ്‍- യുഎസില്‍ വച്ച് വിദേശികള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വമേധയാ യു.എസ് പൗരത്വം ലഭിക്കുന്നത് നിര്‍ത്തലാക്കാന്‍ പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന്റെ നീക്കം. കുടിയേറ്റത്തിനെതിരെ കടുത്ത നിലപാടെടുക്കുന്ന ട്രംപ് തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഉടന്‍ ഒപ്പുവച്ചേക്കും. വിദേശികളുടെ കുഞ്ഞുങ്ങള്‍ക്ക് പൗരത്വവും എല്ലാ അവകാശങ്ങളും ജന്മാവകാശമായി നല്‍കുന്ന ലോകത്തെ ഒരേ ഒരു രാജ്യമാണ് യു.എസ്. ഒരാള്‍ ഇവിടെ വരുന്നു. അയാള്‍ക്കൊരു കുഞ്ഞുണ്ടാകുന്നു. എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നു. 85 വര്‍ഷമായി ഇതു തുടരുന്നു. ഇതു വിഡ്ഢിത്തമാണ്. ഇതവസാനിപ്പിക്കേണ്ടതുണ്ട്- ട്രംപ് പറഞ്ഞു. 

എന്നാല്‍ ഈ നീക്കം വെറുമൊരു ഉത്തരവിലൂടെ നടപ്പാക്കാനാവില്ലെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടന ഭേദഗതി വേണ്ടി വരുമെന്നും അവര്‍ പറയുന്നു. കുടിയേറ്റം സംബന്ധിച്ച് ഒരു യുഎസ് പ്രസിഡന്റ് സ്വീകരിക്കുന്ന ഏറ്റവും കര്‍ക്കശ നിലപാടാണിതെന്നും വിലയിരുത്തപ്പെടുന്നു. താന്‍ ഇക്കാര്യം നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പറയപ്പെടുന്നതു പോലെ ഭരണഘടനാ ഭേദഗതി ഈ തീരുമാനം നടപ്പിലാക്കാന്‍ ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. കോണ്‍ഗ്രസില്‍ ഒരു നിയമം പാസാക്കുന്നതു വഴി ഇതു സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. നടപടികള്‍ പുരോഗമിക്കുകയാണ്. ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ഇതു നടപ്പിലാകും- ട്രംപ് പറഞ്ഞു.
 

Latest News