കൊച്ചി- സംസ്ഥാന വ്യാപകമായി വിലയേറിയ ആധുനിക ജനറേറ്ററുകൾ മോഷണം നടത്തി വന്നിരുന്ന യുവാവ് പോലീസ് പിടിയിൽ. തൃശൂർ ചാവക്കാട് ഒരുമനയൂർ അമ്പലത്താഴം ഒരുമനയൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം വാലവീട്ടിൽനിന്നും ഇപ്പോൾ തൃശൂർ മരത്താക്കര ഭാഗത്ത് ഫിഷറീസ് റോഡിൽ വാടകയ്ക്കു താമസിക്കുന്ന ഉണ്ണികൃഷ്ണൻ(32) നെയാണ് പാലാരിവട്ടം എസ്എച്ച്ഒ എസ്.സനൽ, എസ്ഐ വി എൻ ജിബി എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റു ചെയ്തത്. പാലാരിവട്ടം പോലിസ് സ്റ്റേഷൻ പരിധിയിൽ നിന്നും വിലയേറിയ ആധുനിക ജനറേറ്ററുകൾ മോഷണം പോകുന്നത് പതിവായതോടെ എറണാകുളം അസി.കമ്മിഷണർ കെ ലാൽജിയുടെ നിർദേശപ്രകാരം എസ്ഐ വി എൻ ജിബിയുടെ നേതൃത്വത്തിൽ അന്വേഷണത്തിനായി സ്പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. തമ്മനം-പാലാരിവട്ടം റോഡിലുള്ള ഒരു കടയിൽനിന്നും രണ്ടുലക്ഷംരൂപ വിലവരുന്ന ഹോണ്ടയുടെ ഡീസൽ ജനറേറ്റർ മോഷണം പോയതോടെ സ്ഥാപനത്തിന്റെ പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ മോഷണത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന വാഹനത്തിന്റെ ദൃശ്യം ലഭിച്ചു. തുടർന്ന് ഈ വാഹനം പോയ വഴികളിലെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് ദിവസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് പ്രതികളുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചാണ് ഒന്നാം പ്രതി ഉണ്ണികൃഷ്ണനെ പിടികൂടിയതെന്ന് പോലിസ് അറിയിച്ചു. പാലാരിവട്ടം പോലിസ് സ്റ്റേഷൻ പരിധിയിൽനിന്ന് മാത്രം ആറ് ജനറേറ്ററുകൾ പ്രതികൾ മോഷ്ടിച്ചിട്ടുണ്ടെന്നും. ഇതുമായി ബന്ധപ്പെട്ട് പാലാരിവട്ടം പോലിസ് ഏഴ് കേസുകൾ എടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.വിലയേറിയ ആധുനിക ജനറേറ്ററുകൾ മാത്രമാണ് പ്രതികൾ മോഷ്ടിക്കാറുള്ളത്. മോഷണം നടത്തിയെടുക്കുന്ന ജനറേറ്ററുകൾ വിൽപനനടത്തി കിട്ടുന്ന പണം വാഹനം വാങ്ങുന്നതിനും ആഡംബര ജീവിതത്തിനുമാണ് പ്രതികൾ ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. ഉണ്ണികൃഷ്ണനും സഹോദരൻ പ്രവീണും ചേർന്നാണ് ഇത്തരത്തിൽ മോഷണം നടത്തിയിരുന്നത്. പ്രതികൾ കേരളത്തിൽ ഇത്തരത്തിൽ നിരവധി മോഷണങ്ങൾ നടത്തിയിട്ടുള്ളതായി സംശയിക്കുന്നതായും പോലിസ് അറിയിച്ചു. പകൽസമയങ്ങളിൽ ബൈക്കിൽ കറങ്ങിനടന്ന്് പ്രതി സിസിടിവി ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നും ജനറേറ്റർ കണ്ടുവച്ച് രാത്രി അനുജനുമായി വന്ന് മോഷ്ടിച്ചിരുന്നതെന്നും മോഷണം നടത്തുന്ന സമയത്ത് പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നും പോലിസ് പറഞ്ഞു. അറസ്റ്റ് ചെയ്ത ഒന്നാം പ്രതിയെ കോടതിയിൽ ഹാജരാക്കി. ജിഎഎസ്ഐ അനിൽകുമാർ, സജയൻ കുട്ടപ്പൻ, സിവിൽ പോലിസ് ഓഫിസർമാരായ മാഹിൻ, പിബി അനീഷ്, ടി.ആർ രതീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.