Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഓൺലൈൻ വഴി പണം തട്ടിപ്പ്; മുഖ്യകണ്ണി അറസ്റ്റിൽ

അറസ്റ്റിലായ സുലൈമാൻകുട്ടി.

പെരിന്തൽമണ്ണ- ഓൺലൈൻ മുഖേന തട്ടിപ്പ് നടത്തി പണം കൈക്കലാക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയെ പെരിന്തൽമണ്ണയിൽ അറസ്റ്റു ചെയ്തു. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി സ്വദേശി മഞ്ഞലങ്ങാടൻ വീട്ടിൽ സുലൈമാൻകുട്ടി (49)യെയാണ് പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി.മോഹനചന്ദ്രൻ, സി.ഐ ടി.എസ്.ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും നെറ്റ് കോളുകളും ഇ-മെയിലും വഴി ആളുകളെ ബന്ധപ്പെട്ടു വൻ തുക ലോട്ടറിയടിച്ചതായും സമ്മാനം ലഭിച്ചതായും ധരിപ്പിച്ച് ഇതിന്റെ ബിൽ വ്യാജമായി നിർമിച്ച് ഇടപാടുകാർക്ക് അയച്ചു കൊടുത്തു വിശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. തുടർന്നു തുക കൈമാറുന്നതിന്റെ സർവീസ് ചാർജിന്റെയും ഇൻകം ടാക്‌സ്, ജി.എസ്.ടി എന്നിവയുടെ പേരു പറഞ്ഞും 20,000 മുതൽ 50,000 രൂപ വരെ അടയ്ക്കാൻ ആവശ്യപ്പെടും. ഇതിനായി നേരത്തെ പ്രതികൾ ഏജന്റുമാർ മുഖേന പലയാളുകളുടെ പേരിൽ തയാറാക്കിയ അക്കൗണ്ട് നമ്പറുകൾ അയച്ചു കൊടുക്കും. ഇടപാടുകാർ അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ച ഉടനെ എ.ടി.എം കൗണ്ടറിനടുത്തു നിൽക്കുന്ന സംഘാംഗങ്ങൾ പണം പിൻവലിക്കും. പിന്നീട് ആളുകൾ തട്ടിപ്പ് മനസിലാക്കി ബാങ്കുമായി ബന്ധപ്പെടുമ്പോഴേക്കും അക്കൗണ്ടിൽ നിന്നു പണം നഷ്ടമായിരിക്കും. കേരളം, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് കൂടുതൽ പേർ ഇത്തരം തട്ടിപ്പിനിരയായത്. സുലൈമാൻകുട്ടിയുടെ പേരിൽ കോട്ടക്കൽ പോലീസ് സ്റ്റേഷനിലും ആന്ധ്രയിലെ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലും സമാന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങിയ ഇയാൾ പുതിയ അക്കൗണ്ട് നമ്പറുകൾ ശേഖരിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. ഇത്തരം തട്ടിപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ഇതര സംസ്ഥാനക്കാരനായ മുനീർ അഹമ്മദ് എന്നയാളുടെ വിവരങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. നേരത്തെ സംഭവവുമായി ബന്ധപ്പെട്ടു മൂന്നുപേരെ പെരിന്തൽമണ്ണ പോലീസ് പിടികൂടിയിരുന്നു. എസ്.ഐ മഞ്ജിത്ത് ലാൽ, പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ സി.പി.മുരളീധരൻ, എൻ.ടി.കൃഷ്ണകുമാർ, എം.മനോജ്കുമാർ, പി.അനീഷ്, ദിനേഷ്, സക്കീർ ഹുസൈൻ, പ്രദീപ്, ജയമണി, സൈബർ സെല്ലിലെ ബിജു, വൈശാഖ്, ജയചന്ദ്രൻ, പ്രഷോബ് എന്നിവർ ചേർന്നാണ്  പ്രതിയെ പിടികൂടി തുടരന്വേഷണം നടത്തുന്നത്.

Latest News