Sorry, you need to enable JavaScript to visit this website.

ഡി.ജി.പിയുടെ ഉത്തരവിൽ ആശയക്കുഴപ്പം 

കോഴിക്കോട് - ശബരിമലയിലെ യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് നടത്തിയ നാമജപ യാത്രയിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യരുതെന്ന ഡി.ജി.പിയുടെ ഉത്തരവിൽ ആശയക്കുഴപ്പം. പൊതുവഴി തടസ്സപ്പെടുത്തിക്കൊണ്ടുള്ള നാമജപ യാത്രയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മിക്ക പോലീസ് സ്റ്റേഷനുകളിലും കണ്ടാലറിയാവുന്നവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസിൽ ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പോലീസിന്റെ അറസ്റ്റ് നടപടി വിവാദമായതിനെ തുടർന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറസ്റ്റ് വേണ്ടെന്ന് ഉത്തരവിടുകയായിരുന്നു. ഇക്കഴിഞ്ഞ 27 നാണ് ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം നടത്തിയ നാമജപ ഘോഷ യാത്രയിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യരുതെന്ന് വ്യക്തമാക്കി ഡി.ജി.പി പോലീസുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.
ഇതോടെ നാമജപ യാത്രയുമായി ബന്ധപ്പെട്ടുള്ള അറസ്റ്റ് നടപടികൾ പോലീസ് ഉപേക്ഷിച്ചു. അതേ സമയം, രജിസ്റ്റർ ചെയ്ത കേസുകളിൽ തുടരന്വേഷണം വേണമോ വേണ്ടയോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്. കണ്ടാലറിയാവുന്നവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ ഇവരെ കണ്ടെത്തേണ്ടതുണ്ടോയെന്നാണ് പോലീസുകാർ മുതിർന്ന ഉദ്യോഗസ്ഥരോട് ചോദിക്കുന്നത്. പോലീസ് വീഡിയോ ദൃശ്യങ്ങളിൽ നിന്നും മറ്റുമാണ് രജിസ്റ്റർ ചെയ്ത കേസിലുൾപ്പെട്ടവരെ കണ്ടെത്തുന്നത്. എന്നാൽ താൽക്കാലികമായി ഈ നടപടികളും നിർത്തിവെച്ചിരിക്കുകയാണ്.
അറസ്റ്റ് വേണ്ടെന്ന നിർദേശത്തിനു പിന്നാലെ രജിസ്റ്റർ ചെയ്ത കേസുകളിൽ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ചും ഡി.ജി.പിയുടെ നിർദ്ദേശത്തിനായാണ് പോലീസുകാർ കാത്തിരിക്കുന്നത്. ഇതുവരെയും കൃത്യമായ നിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് പോലീസുദ്യോഗസ്ഥർ പറയുന്നത്. നാമജപ യാത്രയിൽ പങ്കെടുത്ത് പൊതുവഴി തടസ്സപ്പെടുത്തുന്ന തരത്തിൽ പ്രകടനം നടത്തിയതിന് ഐ.പി.സി 283 വകുപ്പു പ്രകാരം രജിസ്റ്റർ ചെയ്ത കേസിന്റെ തുടർനടപടികൾ ഇപ്പോൾ പൂർണമായും നിലച്ചിരിക്കുകയാണ്.
ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ നാമജപ യാത്രക്കെതിരെയും അതിന് മുമ്പ് പ്രധാന നഗരങ്ങളിൽ നാമജപ യാത്രയിൽ പങ്കെടുത്തവർക്കെതിരെയുമാണ് കേസെടുത്തിരുന്നത്. ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട് നഗര പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് നാമജപ യാത്ര നടത്തിയ സംഭവത്തിൽ സിറ്റിയിൽ മാത്രം കണ്ടാലറിയാവുന്ന 2300 ലധികം പേർക്കെതിരെയാണ് കേസെടുത്തത്. 

Latest News