ബെര്‍ലിന്‍- ജര്‍മനിയിലെ ഏറ്റവും വലിയ പരമ്പര കൊലക്കേസില്‍ വിചാരണക്കിടെ പ്രതിയായ മുന്‍ നഴ്‌സിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. താന്‍ പരിചരിച്ച നൂറിലേറെ രോഗികളെ സ്വന്തം കരങ്ങളാല്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചത് കോടതി മുറിയില്‍ വികാരനിര്‍ഭര രംഗങ്ങള്‍ക്കിടയാക്കി. 41-കാരനായ നീല്‍സ് ഹോഗെല്‍ ആണ് ഈ കൊടും ക്രൂരത ചെയ്തത്. ലോക മഹായുദ്ധ ചരിത്രത്തിനു ശേഷം ജര്‍മനിയില്‍ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയായാണ് ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. രോഗികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട നീല്‍സ് ഇതിനകം ഒരു പതിറ്റാണ്ടോളം ജയിലില്‍ കിടന്നിട്ടുണ്ട്. നിരവധി കൊലക്കേസുകളില്‍ വിചാരണ തുടരുകയാണ്. മനപ്പൂര്‍വ്വം അധിക ഡോസ് മരുന്ന് നല്‍കിയാണ് ഇയാള്‍ രോഗികളെ കൊന്നൊടുക്കിയത്.
വടക്കന്‍ ജര്‍മന്‍ നഗരമായ ഓള്‍ഡെന്‍ബര്‍ഗിലെ കോടതിയിലാണ് വിചാരണ തുടങ്ങിയത്. വിചാരണയ്ക്കിടെ, ചുമത്തപ്പെട്ട കുറ്റം സത്യമാണോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് പ്രതിയുടെ മറുപടി അതെ എന്നായിരുന്നു. ഞാന്‍ ഏറ്റുപറഞ്ഞ കാര്യങ്ങള്‍ സംഭവിച്ചതു തന്നെയാണ്-അയാള്‍ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളാല്‍ തിങ്ങി നിറഞ്ഞ കോടതി മുറി ഇതോടെ വൈകാരിക രംഗങ്ങള്‍ക്കു സാക്ഷിയായി. പ്രതിയായ മുന്‍ നഴ്‌സ് നീല്‍സ് നടത്തിയ കൊലപാതകങ്ങളുടെ പൂര്‍ണ വ്യാപ്തി തിട്ടപ്പെടുത്തുകയും അത് ആശുപത്രികള്‍ എങ്ങനെ വര്‍ഷങ്ങളോളം അറിയാതെ പോയി എന്നു കണ്ടെത്തുകയുമാണ് വിചാരണയുടെ പ്രധാന ലക്ഷ്യമെന്ന് ജഡ്ജി സെബാസ്റ്റ്യന്‍ ബുവര്‍മാന്‍ കോടതി നടപടികളുടെ തുടക്കത്തില്‍ പറഞ്ഞിരുന്നു.
കൊല്ലപ്പെട്ട ഇരകള്‍ക്കു വേണ്ടി ഒരു മിനിറ്റ് മൗനാചരണം നടത്തിയ ശേഷം തുടങ്ങിയ കോടതി നടപടികള്‍ പുരോഗമിക്കുമ്പോള്‍ പ്രതി നീല്‍സ് തലതാഴ്ത്തി നിര്‍വ്വികാരനായി കേട്ടു നില്‍ക്കുകയായിരുന്നു. ഇയാള്‍ കൊലപ്പെടുത്തിയ മുഴുവന്‍ ആളുകളുടേയും പേരുകള്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചു.
കൊലപാതകങ്ങള്‍ ഇങ്ങനെ
ജോലി ചെയ്ത് രണ്ടു ആശുപത്രികളിലായാണ് 2000-നും 2005നുമിടയില്‍ പ്രതി നൂറ് രോഗികളെ നീല്‍സ് കൊന്നത്. ഓള്‍ഡെന്‍ബര്‍ഗിലെ ആശുപത്രിയില്‍ 34 രോഗികളേയും ഡെല്‍മന്‍ഹോസ്റ്റിലെ ഒരു ക്ലിനിക്കില്‍ ജോലി ചെയ്യവെ 64 രോഗികളേയും കൊലപ്പെടുത്തിയെന്ന് പബ്ലിക് പ്രൊസിക്യൂട്ടര്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 130 മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധന നടത്തി. ജര്‍മനിയുടെ അറിയപ്പെടുന്ന ചരിത്രത്തില്‍ തന്നെ അപൂര്‍വ സംഭവമാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചിരുന്നു.
ആശുപത്രി അധികൃതര്‍ക്കും നിയമ സംവിധാനങ്ങള്‍ക്കും ഇത്തരം കൊലപാതക പരമ്പര തടയാമെന്നിരിക്കെ എങ്ങിനെ ഇത് അറിയപ്പെടാതെ പോയി എന്നതില്‍ ആശ്ചര്യമുണ്ടെന്ന് ഇരകളുടെ ബന്ധുക്കള്‍ പറയുന്നു. ഇതു തടയാന്‍ അവര്‍ക്ക് എല്ലാം സംവിധാനങ്ങളുമുണ്ട്. ഇതിന് ഷെര്‍ലെക്ക് ഹോംസാകേണ്ട കാര്യമില്ല- മരിച്ച രോഗിയുടെ ഒരു ബന്ധു പറഞ്ഞു. പ്രതി നീല്‍സ് പെട്ടെന്ന് കുറ്റം സമ്മതിച്ചതില്‍ ആശ്ചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്തിനീ കടുംകൈ ചെയ്തു?
കൊലപാതകങ്ങള്‍ നടത്താന്‍ നീല്‍സിനെ പ്രേരിപ്പിച്ചത് എന്താണെന്നറിഞ്ഞാല്‍ ശരിക്കും ഞെട്ടും. രോഗികളെ മരുന്ന് അധിക ഡോസ് നല്‍കി അപകടത്തിലാക്കിയ ശേഷം അവസാന നിമിഷം അവരുടെ ജീവന്‍ രക്ഷിച്ച് പൊങ്ങച്ചം പറയാനായിരുന്നു ഇയാള്‍ ഈ കൊലകള്‍ നടത്തിയതെന്ന് അന്വേഷണ സംഘം പറയുന്നു. ബോറടി മാറ്റാനും ഇയാള്‍ ഇങ്ങനെ ചെയ്തിരുന്നതായി അവര്‍ പറയുന്നു. 34-നും 96നും ഇടയില്‍ പ്രായമുള്ള രോഗികളെയാണ് ഇയാള്‍ ഇങ്ങനെ ക്രൂരമായി കൊന്നത്. കൊലപാതകം ആയിരുന്നില്ല പ്രതിയുടെ ലക്ഷ്യമെന്ന് ഇദ്ദേഹത്തെ വിശദമായി പരിശോധിച്ച മനശ്ശാസ്ത്ര വിദഗ്ധരില്‍ ഒരാള്‍ പറയുന്നു. അപകത്തിലാക്കിയ രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഇയാള്‍ തൃപ്തി കണ്ടെത്തിയിരുന്നു. എന്നാല്‍ അത് കുറച്ചു ദിവസത്തേക്കു മാത്രമായിരുന്നു. അതു കഴിഞ്ഞാല്‍ വീണ്ടും ഇതേ രീതിയില്‍ രോഗികളെ അപകടത്തിലാക്കി ജീവന്‍ രക്ഷിക്കാനുള്ള ത്വര ഉണ്ടാകും. പ്രതിക്ക് ഇതൊരു മയക്കു മരുന്ന് പോലെയായിരുന്നു- അദ്ദേഹം പറയുന്നു.
കുടുങ്ങിയത് ഇങ്ങനെ
ഡെല്‍മന്‍ഹോസ്റ്റിലെ ക്ലിനിക്കില്‍ ജോലി ചെയ്യവെ 2005ല്‍ ഡോക്ടര്‍ കുറിക്കാത്ത മരുന്ന് ഒരു രോഗിയില്‍ കുത്തിക്കയറ്റുന്നതിനിടെയാണ് നീല്‍സ് പിടിയിലായത്. ഈ കേസില്‍ 2008ല്‍ ഇയാളെ കൊലപാതക ശ്രമം നടത്തിയെന്ന കുറ്റത്തിന് ഏഴു വര്‍ഷത്തെ തടവിനു ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇയാള് പിടിയിലായതോടെ മരിച്ച രോഗികളുടെ ബന്ധുക്കള്‍ സംശയിച്ച് കേസുകളുമായി രംഗത്തു വരികയായിരുന്നു. ബന്ധുക്കളുടെ സമ്മര്‍ദ്ദം മൂലം ഇയാളെ 2015ല്‍ വീണ്ടും വിചാരണ ചെയ്തു. ഇതോടെ മറ്റു അഞ്ചു പേരെ കൊലപ്പെടുത്തിയ കേസിലും കുറ്റക്കാരനാണെന്ന് കണ്ടെത്തി പരമാവധി ശിക്ഷയായ 15 വര്‍ഷം തടവിന ശിക്ഷിച്ചു. ഡെല്‍മന്‍ഹോസ്റ്റിലെ ക്ലിനിക്കില്‍ ചുരുങ്ങിയത് 30 രോഗികളെ എങ്കിലും കൊന്നിട്ടുണ്ടാകുമെന്ന് പ്രതി മനശാസ്ത്ര വിദഗ്ധനോട് കുറ്റസമ്മതം നടത്തിയതോടെയാണ് പ്രതി മുമ്പ് ജോലി ചെയ്തിരുന്നു ഓള്‍ഡന്‍ബര്‍ഗ് ആശുപത്രിയിലേക്കു അന്വേഷണം നീണ്ടത്. ചുരുങ്ങിയത് 200 രോഗികളെ എങ്കിലും ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.